ട്രംപ് താമസിക്കുന്നത് ‘ചാണക്യ സ്യൂട്ടിൽ” ദിവസ വാടക എട്ടു ലക്ഷം രൂപ…

ന്യുഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താമസിക്കുന്നത് എവിടെയെന്ന് അറിയണ്ടേ? ട്രംപിനെയും പ്രഥമ വനിതയായ മെലനിയ ട്രംപിനെയും സ്വീകരിക്കാൻ ഒരുങ്ങി ഡൽഹിയിലെ സർദാർ പട്ടേൽ മാർഗിലുള്ള അത്യാഡംബര ഹോട്ടലായ ഐ.ടി.സി മൗര്യ തയ്യാറായി കഴിഞ്ഞു. ‘ചാണക്യ സ്യൂട്ട്’ എന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് ട്രംപും മെലനിയയും തങ്ങുക. ദേശീയ തലസ്ഥാനത്തെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കുന്ന നാലാമത്തെ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.

ആഡംബര ഹോട്ടലിന്റെ 14-ാം നിലയിലാണ് ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട്. ചാണക്യ സ്യൂട്ടിൽ സിൽക്ക് പാനൽ ഭിത്തികൾ, ഇരുണ്ട വുഡ് ഫ്ലോറിംഗ്, മാസ്റ്റർലി കലാസൃഷ്‌ടി എന്നിവയുണ്ട്. സ്യൂട്ടിൽ സ്വീകരണമുറി, ലിവിംഗ് റൂം, 12 സീറ്റുകളുള്ള ഡൈനിംഗ് റൂം എന്നിവ ഉൾപ്പെടുന്നു. ഒരു വലിയ കുളിമുറിയും മിനി സ്പാ, ജിംനേഷ്യം എന്നിവയും സ്യൂട്ടിലുണ്ട്. 4600 ചതുരശ്ര അടി വിസ്‌തീർണമുള്ള ചാണക്യ സ്യൂട്ടിൽ ഒരു രാത്രി താമസിക്കാൻ നൽകേണ്ട വാടക എട്ടു ലക്ഷം രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോകാരോഗ്യ സംഘടനയുടെ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഹോട്ടലിനകത്ത് ശുദ്ധവായു നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടൽ ഐടിസി മൗര്യ മാത്രമാണ്.

ട്രംപിന് മുമ്പ് ഐടിസി മൗര്യയിൽ താമസിച്ച മറ്റ് അമേരിക്കൻ പ്രസിഡന്റുമാർ ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ എന്നിവരാണ്. ദലൈലാമ, ടോണി ബ്ലെയർ, വ്‌ളാഡിമിർ പുടിൻ, രാജാവ് അബ്ദുല്ല, ബ്രൂണൈ സുൽത്താൻ എന്നിവരും ഇവിടെ മുമ്പ് താമസിച്ചിട്ടുള്ള മറ്റ് വിശിഷ്ടാതിഥികളാണ്. പരമ്പരാഗത ഇന്ത്യൻ സ്വീകരണമാകും ട്രംപിന് നൽകുക. സ്വാഗത ചടങ്ങിനിടെ ആനയുണ്ടാകുമോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആന ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മാത്രമല്ല, ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചിഹ്നവുമാണ്.

ഐടിസി മൗര്യയുടെ ഹോട്ടലിലെ പാചകക്കാർ അമേരിക്കൻ പ്രസിഡന്റിനായി വ്യത്യസ്ത പാചകരീതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രിയപ്പെട്ട ഭക്ഷണ സാധനങ്ങളായ ചെറി-വാനില ഐസ്ക്രീം, ഡയറ്റ് കോക്ക് എന്നിവ ഹോട്ടൽ വലിയ അളവിൽ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം, പ്രസിഡന്റിനും കുടുംബത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനായി പ്രത്യേക പാചകക്കാരനെയും ഹോട്ടൽ ഏർപ്പാടാക്കിയിട്ടുണ്ട്.

ട്രംപിനെയും ഭാര്യയേയും കൂടാതെ അദ്ദേഹത്തിന്റെ മകളായ ഇവാങ്ക ട്രംപ്, മരുമകൻ ജാരഡ് കുഷർ എന്നിവരും ഇതേ ഹോട്ടലിലെ ലക്ഷ്വറി സ്യൂട്ടുകളിൽ തന്നെ തങ്ങും. എന്നാൽ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ച്, ഇവർ ഹോട്ടലിൽ എവിടെ തങ്ങണമെന്നതിൽ അവസാന തീരുമാനമെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സീക്രട്ട് സർവീസിൻ്റെതാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

പ്രൗഡോജ്വലമായ വരവേൽപ്പാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇന്ത്യ നൽകിയിരിക്കുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. ട്രംപിന്റെ സന്ദർശനം തന്നെയാണ് ഇന്ന് രാജ്യം മുഴുവനും വീക്ഷിച്ചുകൊണ്ടിരിക്കുന്നതും. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ട്രംപ് നിരവധി കാര്യങ്ങളിൽ മോദിയുമായി ചർച്ച നടത്തും. എന്നാൽ ആ ചർച്ചകൾ എങ്ങനെ കലാശിക്കുമെന്നതിൽ ഇരുനേതാക്കൾക്കും ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യയുടെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനും മലയാളിയുമായ ടി.പി ശ്രീനിവാസൻ.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി മോദിക്കും ഒരുപോലെ പ്രാധാന്യമുള്ള സന്ദർശനമാണിത്. ഇന്ത്യയുടെ കാര്യത്തിൽ ട്രംപിനുള്ള ആശങ്ക വ്യാപാരം, പ്രതിരോധം എന്നീ മേഖലകളിലാണ്. ഇതിൽ ചർച്ചകൾ നടക്കണമെന്നു തന്നെയാണ് ട്രംപിന്റെ ആഗ്രഹം. രണ്ടുപേർക്കും ഇക്കാര്യത്തിൽ ആശങ്കയുമുണ്ട്. ചർച്ച എങ്ങനെ അവസാനിപ്പിക്കുമെന്നതിലാണത്. പക്ഷേ മറ്റൊരു കാര്യമുള്ളത് ഒരു ഉച്ചകോടിയും ഒരിക്കലും പരാജയമാകാറില്ല എന്നതാണ്. ആയാലും നമ്മളതിനെ കവർ ചെയ്‌ത് നല്ലരീതിയിൽ കൊണ്ടുവരാറാണ് പതിവ്’.

Top