കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആറ് നിയമസഭ ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ നടക്കാനിരിക്കുന്നത്. ആറു സീറ്റുകളിലും സ്ഥാനാര്‍ത്ഥിയാകാന്‍ എല്ലാ മുന്നണികളിലെയും നേതാക്കള്‍ ഇപ്പോഴേ മത്സരത്തിലാണ്. ഇതിനിടയിലാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് നേതാവായ അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നെന്ന വാര്‍ത്ത വരുന്നത്.
പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായിരുന്നത് കെ സുരേന്ദ്രനായിരുന്നു. എന്നാല്‍ സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കാനായിരിക്കും ബിജെപി ശ്രമിക്കുക. ഇവിടെയാണ് അബ്ദുള്ളക്കുട്ടിയുടെ സാധ്യത തെളിയുന്നത്. കാല് മാറ്റത്തിന്റെ ലക്ഷണമാണ് തന്റെ മോദി സ്തുതിയിലൂടെ അബ്ദുള്ളക്കുട്ടി കാണിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളും കരുതുന്നത്.
നേരത്തെ സി.പി.എമ്മില്‍ നിന്ന് പുറത്തുപോകാന്‍ അബ്ദുള്ളക്കുട്ടി പയറ്റിയ തന്ത്രം അതേപടി കോണ്‍ഗ്രസിലും പയറ്റുകയാണെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളിലും ഇത് പ്രകടമാണ്. പ്രത്യേക സമിതിയെ അബ്ദുള്ളക്കുട്ടിയുടെ നീക്കങ്ങളെ കുറിച്ച് അന്വേഷിക്കാനും വിശദീകരണം തേടാനും നിയോഗിച്ചതും ഇതുകൊണ്ടുതന്നെയെന്നാണ് വ്യക്തമാകുന്നത്. അതേസമയം അബ്ദുള്ളക്കുട്ടി വിഷയം ബി.ജെ.പിയിലും ചര്‍ച്ചയാവുകയാണ്.
മോദി ഭരണത്തെ പ്രകീര്‍ത്തിച്ച അബ്ദുള്ളക്കുട്ടിയുടെ പേരില്‍ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഇന്നലെ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയതോടെ കോണ്‍ഗ്രസില്‍നിന്ന് പുറത്ത് പോകാനുള്ള വഴി തുറക്കുകയും ചെയ്തു. തനിക്ക് കോണ്‍ഗ്രസുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് ഇന്നലെ ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിരുന്നു.
ദക്ഷിണ കന്നഡയിലെ നിയുക്ത ബി.ജെ.പി എം.പി നളിന്‍കുമാര്‍ കട്ടീലിന്റെ നേതൃത്വത്തിലാണ് അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് എത്തിക്കാന്‍ ചരടുവലിക്കുന്നതെന്നാണ് സൂചന. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരാന്‍ തയ്യാറായാല്‍ അപ്പോള്‍ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. അബുള്ളക്കുട്ടി പണ്ടും നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ച ആളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ വികസന കാര്യത്തില്‍ പിറകില്‍ നില്‍ക്കുന്ന കേരളത്തിന് ഒരു പുനര്‍ വിചിന്തനത്തിനുള്ള അവസരമാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.