കോഴിക്കോട് : ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമായി പ്രവര്‍ത്തിച്ച സംഘടനയുടെ പേര് അന്‍സാര്‍ അന്‍സാര്‍ ഉള്‍ ഖിലാഫയെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കൊച്ചിയില്‍ ജമാ അത്തെ ഇസ്‌ലാമി സമ്മേളനവേദിയിലേക്ക് ലോറി ഇടിച്ചുകയറ്റാന്‍ ശ്രമിച്ചതും ഇവരാണെന്ന് വ്യക്തമായി.
ഇസ്‍ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) കേരള ഘടകമായി പ്രവര്‍ത്തിച്ച അന്‍സാര്‍ ഉള്‍ ഖിലാഫയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍. കണ്ണൂരിലെ കനകമലയയില്‍ ഇവര്‍ എത്തുമെന്നും അതിന് കളമൊരുക്കിയതും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ.
തീവ്രവാദ ചര്‍ച്ചകള്‍ക്കായി ടെലഗ്രാമില്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ നുഴഞ്ഞു കയറിയ എന്‍ഐഎ ഈ ഗ്രൂപ്പിലേക്ക് വ്യാജ വിലാസത്തില്‍ അപേക്ഷ അയച്ച് പങ്കാളിയാകുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്‌തു. ചാറ്റിങ് ഗ്രൂപ്പില്‍ മൊത്തം 12 പേര്‍ ഉണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഗ്രൂപ്പില്‍ വരുന്ന വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്‌തു.
കൊച്ചിയിലെ സമുദായ സമ്മേളനത്തിലേക്ക് ടിപ്പര്‍ ലോറിയിടിച്ചു കയറ്റുന്നതിനെക്കുറിച്ച് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തുകയും ചെയ്‌തു. ഇത് മനസിലാക്കിയ എന്‍ഐഎ ഈ നീക്കം പരാജയപ്പെടുത്തി. ഇതോടെ കൂട്ടത്തില്‍ ഒറ്റുകാരനുണ്ടെന്നും ഗ്രൂപ്പിലെ ചര്‍ച്ചകള്‍ വേണ്ടെന്നും തീരുമാനമായി.
സമീര്‍ അലിയെന്ന വ്യാജ പേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദാണ് സംഘത്തലവനെന്നും ഇദ്ദേഹമാണ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍ സജീവമാക്കുന്നതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി.
ഇതിനിടെ തുടര്‍ന്നുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും നേരിട്ട് കാണുന്നതിനുമായിട്ട് കണ്ണൂരിലെ കനകമലയയില്‍ ഒത്തു ചേരാമെന്ന് സംഘം തീരുമാനിക്കുകയായിരുന്നു. ഈ വിവരവും എന്‍ഐഎ ചോര്‍ത്തുകയും സംഘം മീറ്റിംഗ് നടത്തുന്ന സമയത്തു തന്നെ പ്രദേശത്ത് എത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കനകമലയില്‍ തീവ്രവാദസംഘം തമ്പടിച്ചതിനെക്കുറിച്ചും ഇവര്‍ക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും പൊലീസും അന്വേഷിക്കുന്നുണ്ട്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളും കണ്ടെടുത്തു.
യുഎപിഎ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്യാനും ചില പ്രമുഖരെ വധിക്കാന്‍ പദ്ധതിയിടാന്‍ വേണ്ടിയുമായിരുന്നു ഇവര്‍ കനകമലയില്‍ ഒത്തുചേര്‍ന്നത്.
അതേസമയം, കണ്ണൂര്‍ കനകമലയിലെ റെയ്ഡിനും അറസ്റ്റിനും പിന്നാലെ ഐഎസ് ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലുപേര്‍ കൂടി തമിഴ്നാട്ടില്‍ പിടിയിലായി. കോയമ്പത്തൂര്‍ ഉക്കടം ജിഎം കോളനിയില്‍നിന്നു മൂന്നുപേരെയും തിരുനല്‍വേലിയില്‍നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ പത്തുപേര്‍ അറസ്റ്റിലായി. തൊടുപുഴ സ്വദേശി സുബ്ഹാനിയാണ് തിരുനല്‍വേലിയില്‍ പിടിയിലായത്. യുഎപിഎ ഉള്‍പ്പെടെ എട്ടു വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്.