കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വോഷണം കടുപ്പിച്ചു. സിനിമയിലെ പല പ്രമുഖരും കുടുങ്ങുന്നെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കേസിൽ ഇന്ന് നടൻ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു.ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘം ഇടവേള ബാബുവിനെ വിളിച്ച് വരുത്തുകയായിരുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു.
ഒരുമണിക്കാണ് ഇടവേള ബാബു ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിയത്. ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുന്നതിനാണ് ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നതെന്നാണ് സൂചന. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദിക്കുമെന്നാണ് അറിയുന്നത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ പല പ്രമുഖരെയും ചോദ്യംചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, നടന്‍ മുകേഷ്, കാവ്യയുടെ അമ്മ, ഗായിക റിമി ടോമി തുടങ്ങിയവരെ വീണ്ടും ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
കാവ്യ മാധവനെയും അമ്മ ശ്യാമളയെയും അന്വേഷണസംഘം നേരത്തെ ചോദ്യംചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം പ്രതിയായ പള്‍സര്‍ സുനി കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായും ഇവിടെനിന്ന് ഇവര്‍ പണം കൈപ്പറ്റിയതായും പോലീസിന് സൂചന ലഭിച്ചിരുന്നു. കാവ്യ മാധവന്റെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് ഗായിക റിമി ടോമിയെ ചോദ്യംചെയ്തിരുന്നു. സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും കാവ്യയും ദിലീപുമായുള്ള ബന്ധവും റിമിയോട് ആരാഞ്ഞിരുന്നു.
എന്നാല്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിക്കുകയായിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്.
കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്.
കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു


