മൊസൂള്‍: ഇറാഖ് നഗരമായ മൊസൂളില്‍ ഐഎസ് ഭീകരര്‍ 250 സ്ത്രീകളെ കൊലപ്പെടുത്തിയത് ലൈംഗീക അടിമകളാകാന്‍ വിസമ്മതിച്ചതിന്റെ പേരിലെന്ന് റിപ്പോര്‍ട്ടുകള്‍. സെക്ഷ്വല്‍ ജിഹാദിന്റെ ഭാഗമായി ലൈംഗിക അടിമകളാകാന്‍ വിസമതിച്ചവരെയാണ് കൊന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ ഇറാക്കിലെ ഐഎസ് ഭീകരരെ താത്കാലികമായി വിവാഹം കഴിക്കാന്‍ ഇവരെ നിര്‍ബന്ധിച്ചിരുന്നു.
പക്ഷെ ഇസ്ലാമിക സ്റ്റേറ്റ് ഭീകരരെ വിവാഹംകഴിച്ച് ലൈംഗിക അടിമകളാകാന്‍ പെണ്‍കുട്ടികള്‍ വിസമ്മതിച്ചു. ഇതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. താമസിയാതെ ഭീകരര്‍ ഇവരെ വധിക്കുകയായിരുന്നു. ചിലരെ കുടുംബത്തോടെയാണ് വധിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. കുര്‍ദിസ്ഥാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ചാണ് ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
മൊസൂള്‍ നഗരത്തില്‍വച്ചുതന്നെയാണ് കൂട്ടക്കശാപ്പ് നടത്തിയതെന്നാണ് വിവരം. 2014 മുതല്‍ മൊസൂള്‍ ഐഎസിന്റെ നിയന്ത്രണത്തിലാണ്. വാര്‍ത്ത പുറത്തുവന്നയുടനെ ബാഷിക്കയില്‍ തങ്ങളുടെ സേന 32 ഐഎസ് പോരാളികളെ വധിച്ചതായും തുര്‍ക്കി സേന അവകാശപ്പെട്ടു. മൊസൂളില്‍ ഉള്‍പ്പെടെ ഐഎസിനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങാറില്ല. 300ല്‍ അധികം തുര്‍ക്കി പടയാളികളും 20 ടാങ്കുകളും ഇറാക്കിലുണ്ടെന്നും ഒരു തുര്‍ക്കി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാക്കിസേനയ്ക്കു പരിശീലനം നല്‍കുന്നതിനായി നൂറുകണക്കിനു തുര്‍ക്കി പട്ടാളക്കാരെ ബാഷിക്കയിലേക്ക് അയയ്ക്കുമെന്നു തുര്‍ക്കി ഡിസംബറില്‍ പറഞ്ഞിരുന്നു.