പാകിസ്താന്‍ ചാരസംഘടനയ്ക്കുവേണ്ടി ഇന്ത്യന്‍ സൈനികരില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. മുഹമ്മദ് പര്‍വേസി(42)നെയാണ് രാജസ്ഥാന്‍ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്കുവേണ്ടി ഇന്ത്യന്‍ സൈനികരെ ഹണി ട്രാപ്പില്‍ കുരുക്കി ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നതായി പോലീസ് അറിയിച്ചു.
ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2017 മുതല്‍ മുഹമ്മദ് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് മുഹമ്മദിനെ തിങ്കളാഴ്ച ജയ്പൂരിലെത്തിച്ചത്. തുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്ര പറഞ്ഞു.
ജയ്പുര്‍ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായും ഉമേഷ് മിശ്ര കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ തുറന്നു ഇന്ത്യന്‍ സൈനികരെ കുരുക്കിലാക്കുകയും ചെയ്ത ശേഷം വിവരങ്ങള്‍ മുഹമ്മദ് ഐ എസ് ഐക്കു കൈമാറുകായിരുന്നു. ഇതിനു പകരമായി ഐ എസ് ഐ മുഹമ്മദിന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തിരുന്നു. ഐ എസ് ഐയുമായി ബന്ധം പുലര്‍ത്തിയിരുന്നതായും ഇക്കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെ 17 തവണ പാകിസ്താനിലേക്ക് പോയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു.