പാല്‍മിറ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരത മനുഷ്യരോടും വിശ്വാസങ്ങളോടും ചരിത്രസ്മാരകളോടുമാണെന്ന് ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ക്രിസ്ത്യാനികളുടെ സിറിയയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഏലിയാ വിശുദ്ധന്റെ തിരുശേഷിപ്പ് അടങ്ങിയ പള്ളിയും ആശ്രമവും ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തു.
1500 വര്‍ഷം പഴക്കമുള്ള ഈ പള്ളിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ കല്ലറ കുഴിച്ചെടുക്കുകയും അതിലെ ഭൗതീകാവശിഷ്ടങ്ങള്‍ വലിച്ചെറിയുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.ക്രൈസ്തവ പൗരാണികതയുടെ ശേഷിപ്പുകള്‍ തകര്‍ന്നു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഭീകരസംഘടന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.കല്ലറ കുഴിച്ചെടുത്തതിന്റെയും തിരുശേഷിപ്പുകള്‍ ശൂന്യമാക്കിയിരിക്കുന്നതിന്റെയും ദൃശ്യങ്ങളുമുണ്ട്. നേരത്തെയും നിരവധി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഐസിസ് സംഘം തകര്‍ത്തിരുന്നു.
ജെസിബി പോലെയുള്ള കൂറ്റന്‍ ഖനന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുഴിയെടുത്തിട്ടുള്ളത്. അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി അടിയുറച്ച ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ റോമന്‍ പട്ടാളക്കാരനായ പിതാവിനാല്‍ രക്തസാക്ഷിത്വം വരിച്ചു എന്നതാണ് ഏലിയാ വിശുദ്ധനുമായി ബന്ധപ്പെട്ട കഥ. മരിച്ചു വീണിടത്തു തന്നെയാണ് പള്ളി പണിതിരിക്കുന്നത്.
ഈ മാസം ആദ്യമാണ് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ഈ നഗരം പിടിച്ചെടുത്തത്. ഇവിടെ നിന്നും സ്‌ക്രീകളും കുട്ടികളുമായി 250 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകുകയും കൊലപ്പെടുത്തുകയും ചെയ്തു. മാര്‍ ഏലിയാസ് കാത്തലിക് പള്ളിയിലെ മുതിര്‍ന്ന പുരോഹിതന്‍ ഫാ. ജാക്വസ് മൗറാദും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം. തട്ടിക്കൊണ്ടു പോകപ്പെട്ടവരില്‍ ചിലരെ തീവ്രവാദികള്‍ കൊന്നൊടുക്കുകയും ചെയ്തു.