മൊസൂള്‍: ഫുട്‌ബോള്‍ ആരാധകര്‍ക്കുനേരെയും ഐഎസിന്റെ കൂട്ടക്കൊല. ഇത്തവണ ഫുട്‌ബോള്‍ മുസ്ലീം വിരുദ്ധമെന്നാരോപിച്ചാണ് ഐഎസ് ആക്രമണം നടത്തിയത്. ഐഎസിന്റെ ഭീകരാക്രമണത്തില്‍ 14 റയല്‍ മാഡ്രിഡ് ആരാധകര്‍ കൊല്ലപ്പെട്ടു. ഫുട്‌ബോള്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാണ് ഐഎസ് റയല്‍ മാഡ്രിഡ് ഫാന്‍ ക്ലബ്ബ് ആക്രമിച്ചത്.
മീറ്റിംഗ് നടക്കുന്ന കഫേയിലേക്ക് അതിക്രമിച്ചു കയറിയ ഭീകരര്‍ അവിടെ കൂടിയിരുന്നവര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. റയലിന്റെ കഴിഞ്ഞ കളികള്‍ റെക്കോര്‍ഡ് ചെയ്തത് കാണുകയായിരുന്നു അപ്പോള്‍ ക്ലബിലുണ്ടായിരുന്നവര്‍. എകെ 47 തോക്ക് ഉപയോഗിച്ചാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ആക്രമണം കഴിഞ്ഞ ശേഷമുള്ള ക്ലബിന്റെ ചിത്രങ്ങളില്‍ ചില്ലുകള്‍ തകര്‍ന്നു കിടക്കുന്നതായും രക്തം തളംകെട്ടിക്കിടക്കുന്നതും കാണാമായിരുന്നു
അവിചാരിതമായി ഒരു സംഘം ആളുകള്‍ അതിക്രമിച്ചു കയറി അകത്തുള്ള ഓരോരുത്തര്‍ക്കു നേരെയും വെടിയുതിര്‍ക്കുകയായിരുന്നെന്ന് ക്ലബ് പ്രസിഡന്റ് സിയാദ് സുബ്ഹാന്‍ പറഞ്ഞു. കാരണമായി പറഞ്ഞത്, ഫുട്ബോള്‍ അനിസ്ലാമികമാണെന്നും തങ്ങള്‍ക്ക് അത് ഇഷ്ടമല്ലെന്നുമായിരുന്നു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അക്രമികളില്‍ ഒരാളെ ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തൊട്ടടുത്ത ആളൊഴിഞ്ഞ കെട്ടിടത്തില്‍ വളഞ്ഞു. എന്നാല്‍, രക്ഷപ്പെടാന്‍ വഴിയില്ലെന്ന് കണ്ടതോടെ ഇയാള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ട ഐഎസ് കമാന്‍ഡന്റ് അബ്ദെല്‍ റഹ്മാന്‍ മുസ്തഫ അല്‍-ഖാദുലിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ആക്രമണം നടത്തിയതെന്നാണ് ഐഎസ് പറഞ്ഞത്.