ഐഎസിനെതിരെ ചങ്കുറപ്പോടെ നിന്ന പെൺപുലികൾ..

ദമാം:ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് എതിരായ പോരാട്ടത്തിൽ നിർണായക ഭൂമികയാണ് കുർദിഷ് വനിതകൾക്കുളളത്. യുദ്ധ ഭൂമിയിൽ ജീവൻവെടിഞ്ഞും കുർദിഷ് വനിതാസേന നടത്തുന്ന ചെറുത്തുനിൽപ്പ് പക്ഷേ അധികമാരും ആദ്യം അറിഞ്ഞിരുന്നില്ല.

ഐ.എസിന്‍റെ പൈശാചികതയ്ക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്നവരാണ് ഈ വീരാംഗനമാർ. വളയിട്ട കൈകളിൽ യന്ത്ര തോക്കുകളേന്തി ധീരതയുടെ പ്രസരിപ്പുമായി യുദ്ധം ചെയ്യുന്ന വനിതാ സൈനികർ ഏവരിൽ ആവേശം വിതറും. ഇറാഖിലേയും സിറിയയിലേയും കുർദ്ദ് മേഖലകളിലെ നിറസാന്നിധ്യമാണ് വനിത പോരാളികൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതത്തിനതീതമായി സാംസ്കാരിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കുർദ് വംശജരുടെ രക്തമാണ് ഇവരുടെ സിരകളിൽ കൂടി ഒഴുകുന്നത്. ഇറാഖിലെ സിൻജാർ മലനിരകളിൽ അകപ്പെട്ട യെസീദി വിഭാഗക്കാരെ ഐ.എസ്. ഭീകരരിൽ നിന്ന് മോചിപ്പിക്കുന്നതിൽ വനിത പോരാളികൾ വഹിച്ച പങ്ക് കേവലം വാക്കുകളിൽ ഒതുക്കാനാകില്ല.

ഭീകരതയെ കുർദ് മണ്ണിൽ നിന്ന് തുടച്ചുനീക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന വനിതകൾ ഏത് വെല്ലുവിളിക്ക് മുന്പിലും അടിയറവ് പറയാൻ ഒരുക്കമല്ല. പുരുഷ കേസരികൾക്കൊപ്പം തോളാട് തോൾ ചേർന്ന് തന്നെ അവർ യുദ്ധചെയ്യുന്നു.

സിറിയയിലെ കോബേനിലെ തന്ത്രപ്രധാന മേഖലകളിൽ നിന്ന് ഐ.എസിനെ അമർച്ച ചെയ്യാൻ സാധിച്ചിത് കുർദ്ദിഷ് വനിതകളുടെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമായിരുന്നു. സിറിയൻ-തുർക്കി അതിർത്തിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോരാളികളിൽ 40 ശതമാനത്തോളം വരും വനിതകളുടെ അംഗ സംഖ്യ.

കുർദ്ദിഷ് അധികൃതരുടെ കണക്കുകൾ പ്രകാരം ഐ.എസ്. വിരുദ്ധ നീക്കത്തിൽ ഏകദേശം 4000 വനിതകൾ പങ്കെടുത്തുവെന്നാണ് വിവരം. ഇവരിൽ ഭൂരിഭാഗവും വിവാഹിതരും അമ്മമാരുമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. സ്ത്രീകളെ അടിച്ചമർത്തുന്ന പൗരോഹിത്യത്തിന്‍റെ മതിൽക്കെട്ടുകൾ ഭേദിച്ചാണ് കുർദിഷ് പെഷ്‍മെർഗ സേനയുടെ ഒരോ ചുവടുവയ്പ്പും.

സ്ത്രീശക്തിയുടെ ഉദാത്ത മാതൃകയായി അവർ നടത്തിയ പോരാട്ടം മാനവകുലത്തിന്‍റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന കിരാതൻമാരെ ഭുമുഖത്ത് നിന്ന് തുടച്ചു നീക്കാൻ വലിയ സഹായമാണ് ചെയ്തത്.

സ്ത്രീകളാൽ കൊല്ലപ്പെട്ടാൽ സ്വർഗം ലഭിക്കില്ലെന്ന വിശ്വാസമാണ് ഈ പോരാളികൾക്ക് മുന്നിൽ ഐസിസ് മുട്ടുമടക്കാൻ കാരണം . സ്ത്രീ പോരാളികൾ ആക്രമിക്കാൻ വന്നാൽ ഓടി രക്ഷപ്പെടാനാണ് ഐസിസ് ഭീകരർ ശ്രമിക്കുക . ഇത് ഇവരുടെ മുന്നേറ്റം എളുപ്പമാക്കി.അമ്മമാർ മുതൽ കൗമാര പ്രായം കഴിയാത്തവർ വരെ വനിത സേനയിൽ ചേർന്ന് ഐഎസിനെതിരെ പോരാടിയിട്ടുണ്ട് .

റഖയിൽ മുപ്പതോളം പോരാളികളെ അവർക്ക് നഷ്ടപ്പെട്ടെങ്കിലും ഇസ്ളാമിക് സ്റ്റേറ്റിനെതിരെ യുദ്ധം തുടരാൻ തന്നെയാണ് പെൺപുലികളുടെ തീരുമാനം . ഭീകരരുടെ ഉന്മൂല നാശം തന്നെയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഒരേസ്വരത്തിൽ അവർ പറയുന്നു.

ഭീകരതക്കിരയായ എല്ലാ സ്ത്രീകൾക്കും വേണ്ടിയുള്ള പ്രതികാരമാണിതെന്ന് റഖയിലെ പാരഡൈസ് ചത്വരത്തിൽ വനിത പോരാളികൾ ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അത് ഇസ്ളാമിക് സ്റ്റേറ്റിനുള്ള മറുപടി കൂടി ആവുകയാണ്

Top