അമേരിക്ക ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്ന് ഇറാന്‍..!! ഇറാന്റെത് തീക്കളിയെന്ന് ട്രംപ്

ടെഹ്റാന്‍: അമേരിക്ക തങ്ങളെ ആക്രമിച്ചാല്‍ അരമണിക്കൂറിനുള്ളില്‍ ഇസ്രായേലിനെ നശിപ്പിച്ച് കളയുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശ നയ കമ്മീഷന്‍ ചെയര്‍മാനായ മൊജ്താബ സൊന്നൂര്‍ ആണ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ലോകത്തെ വീണ്ടും യുദ്ധഭീഷണിയിലാക്കിയിരിക്കുകയാണ് ഇറാന്റെ ഭീഷണി.

സിറിയയിലെ ഇറാന്റെ ആയുധകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ യുദ്ധഭീഷണി. ഇറാനെ ആക്രമിക്കാനുള്ള നീക്കം അവസാന നിമിഷം വേണ്ടെന്ന് വച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്ന് മൊജ്ത്തബ പറഞ്ഞു. ആക്രമണം വിജയമാകുമെന്ന് അമേരിക്കയ്ക്ക് ഉറപ്പുണ്ടായിരുന്നെങ്കില്‍ അവര്‍ അത് തടയുമായിരുന്നില്ല. പ്രസിഡന്റിന്റെ ഉപദേശകര്‍ പരാജയം മണത്തിരുന്നുവെന്നും മൊജ്ത്തബ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേഖലയിലെ അമേരിക്കയുടെ 36 സൈനിക കേന്ദ്രങ്ങളും ഇറാന്റെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കെയാണ് ഇറാന്റെ പ്രകോപനമെന്നതും ശ്രദ്ധേയമാണ്. 2015ലെ ആണവ കരാറിന് വിരുദ്ധമായി ആണവ സംപുഷ്ടീകരണവുമായി മുന്നോട്ട് പോകുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതമായി നിന്നുകൊണ്ടായിരിക്കും തങ്ങളുടെ പരീക്ഷണങ്ങളെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത് ഇറാന്റെ തീക്കളിയാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇറാനോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ ഉത്തരവിട്ടെന്നും എന്നാല്‍ അവസാന നിമിഷം അതില്‍ നിന്നും പിന്മാറിയെന്നും നേരത്തെ ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ രൂക്ഷമായ പ്രതികരണങ്ങളിലേക്ക് ട്രംപ് കടന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

യു.എ.ഇ തീരത്ത് സൗദിയുടേത് ഉള്‍പ്പെടെ നാല് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് അമേരിക്ക – ഇറാന്‍ ഭിന്നതയ്ക്ക് ആക്കം കൂട്ടിയിരുന്നു. തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇറാനിലെ ഹൊര്‍മോസ്ഗാനില്‍ ഇറാനിയന്‍ വിപ്ലവ ഗാര്‍ഡുകള്‍ അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയത്, യുദ്ധത്തിലേക്കു നയിക്കുമെന്ന് ലോകം കരുതി. പ്രതികാരമായി ഇറാനെ ആക്രമിയ്ക്കാന്‍ ഉത്തരവിട്ട പ്രസിഡന്റ് ട്രംപ് മിനിട്ടുകള്‍ക്കുള്ളില്‍ അത് പിന്‍വലിച്ചു. പകരം ഇറാന്റെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ സൈബര്‍ ആക്രമണം നടത്തിയാണ് അമേരിക്ക തിരിച്ചടിച്ചത്. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. അമേരിക്കയോ ഇറാനോ കടുത്ത യുദ്ധത്തിന് തയ്യാറല്ല. ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളില്‍ നിന്നും അമേരിക്കന്‍ സൈനികരെ പിന്‍വലിക്കുമെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചയാളാണ് ട്രംപ് . അതിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനിസ്ഥാനും, ഇറാക്കും, സിറിയയുമുള്‍പ്പെടെയുള്ള യുദ്ധരംഗങ്ങളില്‍ നിന്നും പടിപടിയായി സൈനികരെ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Top