
തിരുവനന്തപുരം: വിഎസ്എസ്സി (വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍) പരീക്ഷ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് പോലീസ് കണ്ടെത്തല്‍. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഹരിയാന സ്വദേശികള്‍ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനായിരുന്നു പദ്ധതി. അന്വേഷണം ഹരിയാനയിലേക്കും വ്യാപിപിക്കും.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്. ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. സുനില്‍, സുമിത്ത് എന്നീ അപേക്ഷകരുടെ പേരിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. സുമിത്ത് എന്ന പേരില്‍ പരീക്ഷ എഴുതിയ ആളുടെ യഥാര്‍ഥ പേര് മനോജ് കുമാര്‍ എന്നാണ്. ഗൗതം ചൗഹാന്‍ എന്ന ആളാണ് സുനില്‍ എന്ന പേരില്‍ പരീക്ഷ എഴുതിയത്. ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്. പിന്നീടാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.