ന്യൂഡൽഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയിലെത്തിയ 15 ഇറ്റാലിയൻ വംശജർക്ക് കൊറോണ(കൊവിഡ് 19) ബാധിച്ചതായി സ്ഥിരീകരിച്ചു. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയത്. എയിംസിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി. ഇറ്റലിയിൽനിന്ന് ജയ്പുർ സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് ബാധയെ നേരിടുന്നതിനായി വിപുലമായ തയ്യാറെടുപ്പുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. “കൊവിഡ് -19 നോവൽ കൊറോണ വൈറസിനെക്കുറിച്ച് വിപുലമായ അവലോകനം നടത്തി. ഇന്ത്യയിലെത്തുന്നവരെ പരിശോധിക്കുന്നത് മുതൽ വൈദ്യസഹായം നൽകുന്നത് വരെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു,” അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യുഎഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിറുത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് 19 പ്രതിരോധിക്കുന്നതിനായി 12 ബില്യൺ ഡോളറിൻെറ പാക്കേജ് ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകരാജ്യങ്ങൾക്ക് രോഗപ്രതിരോധത്തിനുള്ള സഹായം നൽകുകയാണ് പ്രധാനലക്ഷ്യം. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസാണ് പ്രഖ്യാപനം നടത്തിയത്. കോവിഡ്-19 ദരിദ്ര രാജ്യങ്ങൾക്ക് വലിയ ബാദ്ധ്യതയാവും വരുത്തുക. അതുകൊണ്ട് അവർക്ക് ആരോഗ്യ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കൂടുതൽ ഫണ്ട് ആവശ്യമായി വരും. ഇതിനായാണ് അടിയന്തര സഹായം അനുവദിച്ചതെന്ന് ലോകബാങ്ക് വ്യക്തമാക്കി.