മലപ്പുറം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘനടയായ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും സഹകരണം ഉണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം എല്‍ഡിഎഫ് യുഡിഎഫിനെതിരെ പ്രചാരണായുധമാക്കുന്നതിനിടെയാണ് ശിഹാബ് തങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംസ്ഥാന തലത്തില്‍ ഔദ്യോഗിതമായ ധാരണയോ സഹകരണമോ നിലവിലില്ല. മറിച്ച് ചില പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും പ്രാദേശിക, വിഷയാധിഷ്ഠിത ക്രമീകരണങ്ങളാണുള്ളതെന്നാണ് സാദിഖ് അലി തങ്ങളുടെ വിശദീകരണം.
യുഡിഎഫിനെ കുറ്റപ്പെടുത്തുന്ന എല്‍ഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പല സ്ഥലങ്ങളിലും സഹകരിക്കുന്നുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. യുഡിഎഫിനോട് സഹകരിക്കുന്നത് പോലെ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിനോടും സഹകരിക്കുന്നു. .
ഇത്തവണത്തെ തെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമാകും. തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാത്തെ വികസന പ്രവര്‍ത്തനങ്ങളെ എറ്റവും അടിത്തട്ടില്‍ വിശകലനം ചെയ്യുന്ന ഒന്നാണ്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളം നേരിടുന്ന വികസനത്തിലെ മുരടിപ്പ് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


