കൊല്ലം : ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും എ ‘ഗ്രുപ്പുകാരനുമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടിനെ സംരക്ഷിച്ച് കോൺഗ്രസ് .കൊള്ളപ്പലിശക്ക് എതിരെ കുബേര കൊണ്ടുവന്ന കോൺഗ്രസുകാർക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ പ്രവർത്തി .എന്നാൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെതീരെ കമാന്ന് ഒരു അക്ഷരം വരെ മൊഴിയാതെ നേതാക്കളും .യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ തള്ളിയ കേസിൽ പൊലീസ് പിടിയിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന് മുഖ്യം ക്വട്ടേഷൻ പ്രവർത്തനം. കണ്ണനല്ലൂരിൽ സ്വന്തമായി നടത്തുന്ന കാർ വർക്‌ഷോപ്പാണ് ഗുണ്ടാസംഘത്തിന്റെ ഒളിത്താവളം. അടുത്തിടെ ഇവിടെനിന്ന് വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തിരുന്നു.
ക്വട്ടേഷൻ സംഘങ്ങളുമായുള്ള അടുപ്പം കോൺഗ്രസിലെ ഉന്നതരടക്കം ഉപയോഗപ്പെടുത്താറുണ്ട്. എ ഗ്രൂപ്പുകാരനെങ്കിലും ഫൈസലിന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ പാർടിക്കുള്ളിൽ പൂർണപിന്തുണയാണുള്ളത്. ലോക്ക്‌ഡൗൺ ലംഘിച്ച് ചിന്നക്കടയിൽ കഴിഞ്ഞ മാസം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ നടത്തിയ സമരത്തിൽ ഫൈസൽ കുളപ്പാടമാണ് സംരക്ഷകനായി എത്തിയത്.
കുപ്രസിദ്ധരായ ക്രിമിനലുകളുമായുള്ള ഫൈസലിന്റെ സൗഹൃദം പാർടിക്കുള്ളിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. മണൽവ്യാപാരം, വാഹന ഇടപാട്, സിസിപിടിത്തം എന്നിവ കൂടാതെ വിദ്യാഭ്യാസ കച്ചവടരംഗത്തും പ്രവർത്തിക്കുന്നു. കേരളത്തിന് പുറത്തുള്ള യൂണിവേഴ്‌സിറ്റികളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് രജിസ്റ്റർചെയ്യാൻ കൊല്ലം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിദ്യഭ്യാസ കച്ചവടത്തിന് മറയാക്കുന്നത്. ഇവിടേക്ക് കുട്ടികളെ എത്തിക്കുന്നതിൽ വൻ സാമ്പത്തിക ഇടപാട് നടക്കുന്നതായാണ് വിവരം.
ഒരു ഡിസിസി വൈസ് പ്രസിഡന്റിന്റെ പിൻബലത്തോടെയാണ് ഫൈസലിന്റെ പ്രവൃത്തികൾ. കുറച്ചുനാൾ മുമ്പ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായ കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ബിനോയ് ഷാനൂരും ഫൈസലിന്റെ ബിസിനസ് ശൃംഖലയിലുള്ള ആളാണ്. രണ്ടാഴ്‌ച മുമ്പ് കെഎസ്ഇബി കുണ്ടറ സെക്‌ഷൻ ഓഫീസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് ക്ഷണിക്കാത്തതിന് ഫൈസൽ പരസ്യമായി ചോദ്യംചെയ്‌ത് പ്രകോപനം സൃഷ്‌ടിച്ചിരുന്നു. എതിർപ്പ് പ്രകടിപ്പിച്ച കുണ്ടറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ഭീഷണി ഉയർത്തി.
തുടർന്ന് വിശ്വസ്തരായ ചിലരെ വിളിച്ചുവരുത്തി ഇതേ സ്ഥലത്ത് ഫൈസൽ സമാന്തര പ്രതിഷേധം സംഘടിപ്പിച്ചു. ഇരുവിഭാഗം യൂത്തുകോൺഗ്രസുകാരുടെ തമ്മിൽത്തല്ല് മാധ്യമങ്ങളിലും വാർത്തയായി. വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചെന്ന് വെളിപ്പെടുത്തി ചാത്തന്നൂർ സ്വദേശിയായ യുവതി ഫൈസലിനെതിരെ രംഗത്ത് വന്നിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ മെമ്പർഷിപ് ചേർത്തതിൽ മാഫിയസംഘത്തിന്റെ സഹായമുണ്ടായതായി ഒരു വിഭാഗം ആക്ഷേപം ഉയർത്തിയിരുന്നു. ഭീഷണിപ്പെടുത്തിയുള്ള വോട്ടു പിടിത്തം വിലക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.