വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും.‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്നാണ് ആത്മകഥയുടെ പേര്.തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുന്നത്. എഎസ്പിയായി സര്‍വീസില്‍ പ്രവേശിച്ച് വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍നിന്ന് അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകത്തില്‍ സപ്ലൈകോ എംഡിയായിരിക്കെ വകുപ്പില്‍ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.
ബാർ കോഴ കേസിൽ മുൻ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താൻ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം വിളിച്ചിരുന്നു. ഇതിൽ ഉൗന്നിയാണ് ജേക്കബ് തോമസിന്റെ ആരോപണം.
അതേസമയം, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു. ഇൗ കേസിന്റെ അന്വേഷണത്തിന് വ്യക്തമായ മാസ്റ്റർ പ്ലാന്‍ താന്‍ നല്‍കി. എന്നാല്‍, ആ വിധത്തില്‍ അന്വേഷണം വേണ്ട എന്നായിരുന്നു തീരുമാനം. എൽ.ഡി.എഫ് വിജയിക്കണമെന്നും നായനാര്‍ ഭരണകാലത്ത് വൈദ്യുതിമന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായി കാണണം എന്നും ആഗ്രഹിച്ചിട്ടുണ്ട്. തൃശൂർ കറൻറ് ബുക്സ് ആണ് ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറക്കുന്നത്.