തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ജേക്കബ് തോമസ് ഒരു മാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരു മാസം കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസ് അവധിയില്‍ പോയതിനാല്‍ ലോക്നാഥ് ബെഹ്റയെ സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഏപ്രില്‍ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സ്വകാര്യ ആവശ്യത്തിന് അവധിയെടുക്കുന്നു എന്നായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഹൈക്കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ അമര്‍ഷവും കണക്കിലെടുത്താണ് അവധിയെടുക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നായിരുന്നു വിവരം.
അന്ന് പൊലീസ് മേധാവി സ്ഥാനത്തുണ്ടായിരുന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്ടായി താല്‍ക്കാലികമായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. പിന്നീട്, ഡിജിപി ടി.പി. സെന്‍കുമാര്‍ പൊലീസ് മേധാവിയാപ്പോള്‍ ബെഹ്റയെ വിജിലന്‍സ് ഡയറക്ടറാക്കി. ഈ ഉത്തരവില്‍ ജേക്കബ് തോമസിന്‍റെ സ്ഥാനം സംബന്ധിച്ച് യാതൊരു വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നില്ല.