കോഴിക്കോട്: വവ്വാലുകളില്‍ നിന്നും പകരുന്ന നിപ്പ വൈറസ് ബാധിച്ച് ആളുകള്‍ മരിച്ച് വീഴുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങളും സജീവമാണ്. പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കുംചേരിയും പ്രതികരണവുമയി രംഗത്തെത്തി. നിപ്പ വൈറസ് എന്നൊന്നില്ലെന്നും ഇതെല്ലാം തട്ടിപ്പാണെന്നുമാണ് വടക്കുംചേരി പറയുന്നത്.
നേരത്തെ തന്നെ വാക്‌സിന്‍ വിരുദ്ധ പ്രചാരണം അടക്കം നടത്തുന്നവരുടെ കൂട്ടത്തില്‍ പ്രമുഖനാണ് ജേക്കബ് വടക്കുംചേരി. പനി ബാധിച്ച ആളുകള്‍ ചികിത്സ തേടരുത് എന്നതടക്കമുള്ള തെറ്റായ സന്ദേശങ്ങളാണ് ഇയാള്‍ പുതിയ വീഡിയോയില്‍ നല്‍കുന്നത്. ഈ സമയത്തുള്ള ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
കോഴിക്കോട് പുതിയ പനി പടര്‍ന്ന് പിടിച്ചുവെന്നും മരണകാരണം നിപ്പ വൈറസ് ആണെന്നും ആരോഗ്യ വകുപ്പ് കണ്ടുപിടിച്ചതായി അറിയുന്നു. അതിന്റെ പേരില്‍ കേരളത്തിലെ മരുന്ന് മാഫിയ ആഘോഷം നടത്തുകയാണ്. മരുന്നില്ലാത്ത അജ്ഞാതമായ ഒരു രോഗം വരുന്നു. വാക്സിന്‍ ഇല്ല, വവ്വാലില്‍ നിന്ന് പകരുന്നു, വൈറസാണ് കൊല്ലുന്നത്. പഴങ്ങള്‍ മാത്രം കഴിക്കുന്ന വവ്വാലില്‍ നിന്നുമാണ് വൈറസ് പകരുന്നത്.
പഴങ്ങള്‍ മാത്രം കഴിക്കുന്ന പ്രകൃതിചികിത്സക്കാരില്‍ നിന്നും ഈ വൈറസ് പകരുമെന്ന് നാളെ ഇവര്‍ പറഞ്ഞാല്‍ അവരെയെല്ലാം ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കാന്‍ സാധിക്കും. ആരോഗ്യ വകുപ്പ് തട്ടിവിടുന്നതെല്ലാം വിഡ്ഢിത്തങ്ങളാണ്. നേരത്തെ എലി മൂത്രത്തില്‍ നിന്നും എലിപ്പനി പകരുമെന്ന് പറഞ്ഞ് കുറേ പേരെ ആശുപത്രിയിലാക്കി തട്ടി. അത് പൊളിച്ച് കൊടുത്തതാണ്.
ഡെങ്കിപ്പനി ഉണ്ടാകുന്നത് കൊതുക് കുത്തിയിട്ടാണ് ഉണ്ടാകുന്നത് എങ്കില്‍ യാചകരും ജയിലില്‍ ഉള്ളവരും നേരത്തെ തന്നെ മരിച്ച് പോകേണ്ടതാണ്. മരുന്ന് മാഫിയയാണ് ഇതുപോലെ ഓരോന്ന് തട്ടിവിടുന്നത്. പിണറായിയിലെ കൊലപാതകത്തിന് കാരണവും അജ്ഞാതമായിരുന്നു. അമ്മ വിഷം കൊടുത്താലും മകള്‍ വിഷം കൊടുത്താലും ആശുപത്രിക്കാര്‍ ആലോചിക്കുന്നത് ഏത് വൈറസാണ് , ബാക്ടീരിയ ആണ് എന്നാണ്. അവസാനമാണ് വിഷം കൊടുത്തതാണ് എന്ന് തെളിയുന്നത്.
കോഴിക്കോടുണ്ടായത് അത്തരത്തിലാണ് എന്നല്ല. ഇത്തരം സന്ദര്‍ഭങ്ങളെ മരുന്ന് മാഫിയ ആളുകളെ പേടിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നു. ചെറിയ ചൂട് തോന്നുന്നവര്‍ പോലും വലിയ ചികിത്സയ്ക്ക് പോകുന്ന അവസ്ഥയുണ്ടാക്കുന്നു. ആരോഗ്യവകുപ്പ് പരിശോധിക്കേണ്ട കാര്യമുണ്ട്. നോമ്ബിന് പഴകിയ മാംസഭക്ഷണം കഴിക്കാന്‍ ഇടയായിട്ടുണ്ടോ. ഈ മാംസം എടുത്ത ജീവികള്‍ കഴിച്ച ഭക്ഷണത്തില്‍ ആന്റി ബയോട്ടിക്ക് ഉണ്ടായിരുന്നോ എന്നും കീടനാശിനികള്‍ ഉണ്ടായിരുന്നോ എന്നും പരിശോധിക്കണം.
ഒരു പ്രത്യേക കീടനാശിനി ഉപയോഗിക്കുന്ന സ്ഥലം ആണെങ്കില്‍ പ്രത്യേക രോഗം വരാന്‍ വേറെ കാരണം വേണ്ട. തനിക്കും തന്നെപ്പോലുള്ള പ്രകൃതി ചികിത്സകര്‍ക്കും ആ ്സ്ഥലത്തേക്ക് പോകാന്‍ ഒരു മടിയും ഇല്ലെന്നും ഈ പനിയെ പേടി ഇല്ലെന്നും വടക്കുംചേരി പറയുന്നു. നിപ്പ വൈറസ് പടരുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളേയും ഇയാള്‍ തള്ളിക്കളയുന്നുണ്ട്.
പഴകിയ ഭക്ഷണം കഴിക്കരുത് എന്നത് പോലെ തന്നെ വയര്‍ നിറയെ ആഹാരം കഴിക്കരുത് എന്നൊക്കെ വടക്കുംചേരി പറഞ്ഞ് വെയ്ക്കുന്നു. മരണം ഒഴിവാക്കാന്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.എന്നാല്‍ വിദേശ രാജ്യങ്ങളിലൊക്കെ പനി വന്ന് കഴിഞ്ഞാല്‍ മൂന്ന് ദിവസത്തോളം ചികിത്സിക്കാതെ വെയ്ക്കാനാണ് ഡോക്ടര്‍മാര്‍ പറയുകയെന്ന് ജേക്കബ് വടക്കുംചേരി പറയുന്നു.
ആ രീതിയാണ് പിന്തുടരേണ്ടതെന്നും ഇയാള്‍ പറയുന്നു. നിപ്പ വൈറസ് എന്നൊന്ന് ഇല്ലെന്നും മരുന്ന് മാഫിയ നടത്തുന്ന വ്യാജ പ്രചാരണമാണ് ഇതെന്നുമാണ് വടക്കുംചേരി പറഞ്ഞുവെയ്ക്കുന്നത്. ഇവിടുത്തെ ആശുപത്രികളില്‍ കാടന്‍ ചികിത്സയാണെന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളാണ് നിയന്ത്രിക്കുന്നതെന്നും ഇയാള്‍ പറയുന്നു. ഈ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ഈ അഭിപ്രായങ്ങളോട് യോജിക്കുന്നുവെന്നതാണ് ശ്രദ്ധേയം. ഇത്തരം വ്യാജപ്രചാരണങ്ങളില്‍ സാധാരണക്കാരായ ആളുകള്‍ പെട്ടെന്ന് തന്നെ വീഴുന്നു.