തിരുവനന്തപുരം: ചിരകാലസൗഹൃദത്തിന്റെ നനുത്ത സ്‌പര്‍ശമായി മോഹന്‍ലാല്‍ കൈ പിടിച്ചപ്പോള്‍ ജഗതി ശ്രീകുമാര്‍ നിറഞ്ഞുചിരിച്ചു. സെറ്റുകളിലെ പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ ഇന്നലെകളുടെ ഓര്‍മയില്‍ ലാലിനെ ജഗതി ചേര്‍ത്തുപിടിച്ചു. “കിലുക്ക”ത്തിലെ ജോജി-നിശ്‌ചല്‍മാരും “യോദ്ധ”യിലെ അശോകന്‍-അപ്പുക്കുട്ടന്‍മാരും ഓര്‍മയില്‍ നിറഞ്ഞപ്പോള്‍ കാണികളുടെ കണ്ണില്‍ സന്തോഷാശ്രു പൊടിഞ്ഞു.തിരുവനന്തപുരത്തെ ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഹോട്ടലില്‍ മോഹന്‍ലാലിന്റെ “ദി കംപ്ലീറ്റ് ആക്‌ടര്‍” വെബ്‌സൈറ്റിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യുന്ന വേദിയിലാണു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ജോഡികള്‍ ഒരിക്കല്‍കൂടി ഒന്നിച്ചത്. 2009-ല്‍ വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചതും ജഗതിയായിരുന്നു.
പുനഃപ്രകാശനച്ചടങ്ങിനുശേഷം വലിയ സ്‌ക്രീനില്‍ വെബ്‌സൈറ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ജഗതിയെ ചക്രക്കസേരയില്‍ സദസിലേക്കു കൊണ്ടുപോയതും ലാലാണ്.
അനുഭവങ്ങളില്‍നിന്നറിഞ്ഞ നല്ല കാര്യങ്ങള്‍ പുതുതലമുറയ്‌ക്കു കൈമാറാനും സാമൂഹികവിഷയങ്ങളിലെ തന്റെ നിലപാടുകള്‍ വ്യക്‌തമാക്കാനും വെബ്‌സൈറ്റ് കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നു മോഹന്‍ലാല്‍ പറഞ്ഞു. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെ വെബ്‌സൈറ്റില്‍ നിരവധി പുതിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ സ്വകാര്യശേഖരത്തില്‍നിന്നുള്ള ചിത്രങ്ങള്‍, കലാസൃഷ്‌ടികള്‍, പെയിന്റിങ്ങുകള്‍ എന്നിവയും ടെറിട്ടോറിയല്‍ ആര്‍മിയിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭ്യമാണ്.
കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, സംവിധായകരായ ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍, മേജര്‍ രവി, ടി.കെ. രാജീവ്‌കുമാര്‍, കെ. മധു, നടന്‍മാരായ മധു, നെടുമുടി വേണു, മണിയന്‍പിള്ള രാജു, പി. ശ്രീകുമാര്‍, ഗായകരായ എം.ജി. ശ്രീകുമാര്‍, ജി. വേണുഗോപാല്‍, നിര്‍മാതാവ് രഞ്‌ജിത്, നാടകസംവിധായകന്‍ പ്രശാന്ത് നാരായണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു