ശ്രീനഗര്‍: സംഘര്‍ഷ ഭരിതമായി കാശ്മീര്‍ താഴരയില്‍ നിന്നും ഞെട്ടിക്കുന്നൊരു വാര്‍ത്ത. മോഷ്ടിച്ച തോക്കുകളുമായി പൊലീസുകാരന്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ന്നതായി ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ അവകാശപ്പെട്ടു. പൊലീസ് ആകെ കുഴക്കിയിരിക്കുകയാണ് ഈ വാര്‍ത്ത. ജമ്മു കാശ്മീര്‍ പൊലീസിലെ കോണ്‍സ്റ്റബിള്‍ സയ്യദ് നവീദ് മുഷ്താഖ് ഷായാണ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നത്.
തന്റേയും മൂന്ന് സഹപ്രവര്‍ത്തകരുടേയും തോക്കുകള്‍ തട്ടിയെടുത്ത ശേഷമായിരുന്നു ഷാ മുജാഹിദീന്‍ നേതാക്കളെ കണ്ടതെന്ന് സംഘടനയുടെ വക്താവ് ബുര്‍ഹാനുദ്ദീന്‍ പറഞ്ഞു. ഷായെ പോലുള്ള നിരവധി പേര്‍ ഇനിയും ഹിസ്ബുള്‍ മുജാഹിദീനില്‍ ചേരാന്‍ കാത്തിരിക്കുകയാണെന്നും ബുര്‍ഹാനുദ്ദീന്‍ അവകാശപ്പെട്ടു.
ശനിയാഴ്ചയാണ് ബുഡ്ഗാം ജില്ലയിലെ ചന്ദ്‌പോര ഗ്രാമത്തില്‍ നിന്ന് സഹപ്രവര്‍ത്തകരുടെ തോക്കുകളുമായി നവീദ് ഷാ മുങ്ങിയത്. ജില്ലയിലെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ സുരക്ഷാ ചുമതലയായിരുന്നു നവീദ് വഹിച്ചു വന്നത്.
അതേസമയം, ഷായെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഡി.എസ്.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഷക്കൂര്‍ അഹമ്മദ് എന്ന പൊലീസുകാരന്‍ നാല് റൈഫിളുകളുമായി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് കുല്‍ഗാമില്‍ നിന്ന് അറസ്റ്റു ചെയ്തു.