അദ്ദേഹം ചെയ്തത് ഒരു പ്രതിഷേധം’. ഡോ. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ പോസ്റ്റ്.

കൊച്ചി:കഴിഞ്ഞ ദിവസം വിരമിച്ച ഐ പി എസ് ഉദ്യോഗസ്ഥൻ ഡോ. ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ. ‘സിവിൽ സർവീസ് – അവസാന ദിനത്തിന്റെ തുടക്കവും ഉറക്കവും ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ’ എന്ന കുറിപ്പോടെയുള്ള ജേക്കബ് തോമസിന്റെ പോസ്റ്റ് ഒട്ടനവധി പേരുടെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഒരു IPS കാരന് മാന്യമായി കിടന്നുറങ്ങാൻ അയാൾ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവൻസ് സർക്കാർ നൽകുന്നുണ്ട് എന്നായിരുന്നു പലരുടെയും വിമർശനം.

 

എന്നാൽ ജേക്കബ് തോമസ് ചെയ്തത് ഒരു പ്രതിഷേധമാണ് എന്ന കുറിപ്പോടെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജാവേദ് പർവേഷ്.
”ഡി ജി പി കസേരയിൽ ഇരിക്കേണ്ടയാളെ അണ്ടർ സെക്രട്ടറി ഇരിക്കേണ്ട പദവിയിൽ ഇരുത്തിയതിൻ്റെ പ്രതിഷേധം. നിരന്തരം സസ്പെൻഡ് ചെയതിൻ്റെ പ്രതിഷേധം. അതിന് അദ്ദേഹം ചെയ്ത ഒരു മാർഗമാണ് ഇത്. എങ്ങനെ പ്രതിഷേധിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം സഖാക്കൾ അദ്ദേഹത്തിന് വിട്ടുകൊടുക്കണം.” ജാവേദ് പർവേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

“ഡോ. ജേക്കബ് തോമസ് സർവീസിൻ്റെ അവസാന ദിനം ഓഫിസ് മുറിയിൽ പായ വിരിച്ച് ഉറങ്ങിയതിൻ്റെ നിരൂപണങ്ങൾ വായിച്ചു. DGP യുടെ സാലറി കിട്ടുന്നയാൾ എന്തിന് ഇത് ചെയ്തുവെന്നാണ് പരിഹാസം.” ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്.

”അധികാരത്തിലിരിക്കുന്നവരെ സുഖിപ്പിച്ചില്ല എന്നതിൻ്റെ രക്തസാക്ഷിയാണ് ജേക്കബ് തോമസ്. രണ്ടാമത്തേത് ചെറിയ ശുപാർശകളോട് പോലും അദ്ദേഹം മുഖം തിരിഞ്ഞു നിന്നിരുന്നു എന്നത് . ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് സുഖകരമല്ല. നാട്ടുകാർക്ക് ഇത് നോക്കേണ്ട കാര്യമല്ല.”

“ഒന്നു അയഞ്ഞു കൊടുത്തിരുന്നെങ്കിൽ ബെഹ്റ ഇരിക്കേണ്ട കസേരയിൽ ഇരിക്കേണ്ടവനായിരുന്നു ഡോ. ജേക്കബ് തോമസ്. പക്ഷേ വിജിലൻസ് ഡയറക്ടറായിരുന്ന അദ്ദേഹം തനി സ്വഭാവം കാണിച്ചു. കൊത്തിക്കൊത്തി മുറത്തിൽ കയറിക്കൊത്തി. ഇ പി ജയരാജൻ്റെ ബന്ധു നിയമനമൊന്നും അദ്ദേഹം അന്വേഷിക്കാൻ പാടില്ലായിരുന്നു.” പി എം ജിക്ക് അടുത്തുള്ള ഡയറക്ടറേറ്റിലെ മുക്കൽ ഷെൽഫിൽ എത്ര പരാതികളാണ് ചത്തു കിടക്കുന്നതെന്നും ജാവേദ് പർവേഷ് ചോദിക്കുന്നു.

“ക്ലിഫ് ഹൗസിൽ മഴ പെയ്യുമ്പോൾ വഴുതക്കാട് കുടപിടിക്കുന്ന അടിമകളെയായിരുന്നു ഭരിക്കുന്നവർക്കും വേണ്ടിയിരുന്നത്.
രാഷ്ട്രീയക്കാർക്ക് വഴങ്ങിക്കൊടുക്കാത്തതിൻ്റെ അനന്തരഫലം എന്തെന്ന് , സിവിൽ സർവീസ് ജീവിതം എന്തെന്ന് മനസിലാക്കിക്കൊടുക്കാൻ ജേക്കബ് തോമസിൻ്റെ പ്രതിഷേധചിത്രത്തിനായിട്ടുണ്ട്. എന്തൊക്കെയായാലും സ്പീക്കറുടെ കസേര ഉന്തി മറിച്ചിട്ട സമരത്തേക്കാളും നിയമസഭയുടെ മേശപ്പുറത്ത് കയറി ഡെസ്ക് ടോപ് ഡാൻസ് കളിച്ചതിനേക്കാളും , ചോര പൊട്ടിയ സഖാവിൻ്റെ ദേഹത്തു നിന്ന് അത് തോണ്ടിയെടുത്ത് സ്വന്തം മോന്തയിൽ വാരിപ്പൂശുന്ന ഗംഭീര സമര രീതിയേക്കാളും മാന്യമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതിഷേധചിത്രം.”

ജേക്കബ് തോമസിന് അദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടാണ് ജാവേദ് പർവേഷ് പോസ്റ്റ് അവസാനിക്കുന്നത്.
“ജേക്കബ് തോമസിനെതിരേ പരാതി ഉണ്ടെങ്കിൽ കേസെടുത്ത് വാർത്തയുണ്ടാക്കിയാൽ മാത്രം പോരാ, അന്വേഷിച്ച് കുറ്റപ്പത്രം നൽകി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും താഴെയുള്ള പ്രത്യേക കുറിപ്പിൽ പറയുന്നു.

Top