പലതും ചെയ്യുമെന്ന് കരുതി ഒന്നും ചെയ്യാതെ ജേക്കബ് തോമസ് മടങ്ങുന്നു; ജിഷ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പാര്‍ട്ടി എതിരായി; ഇനി സര്‍ക്കാര്‍ സര്‍വ്വീസിലേക്കില്ലെന്ന് സൂചന

കൊച്ചി: ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറുന്നത് മുഖ്യമന്ത്രി കൈവിട്ടതിനാല്‍. സിപിഎം സംസ്ഥാന കമ്മറ്റിയുടെ അഭിപ്രായം മാനിച്ചാണ് മുഖ്യമന്ത്രി പിടിവിട്ടതെന്നാണ് സൂചന. ഇനി അക്കാഡമിക് രംഗത്തേയ്ക്ക് തിരിയാനാണ് ജേക്കബ് തോമസിന്റെയും തീരുമാനം. സര്‍ക്കാര്‍ സര്‍വ്വീസില്‍ തന്നെ തുടരേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് വിവരം. ഇപ്പോള്‍ അവധിയില്‍ പോകുന്നതിന്റെ കാരണം പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും അദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജേക്കബ് തോമസ് സൂചന നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയായതിനെ തുടര്‍ന്ന് വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവിധ കോണുകളില്‍നിന്ന് കടുത്ത എതിര്‍പ്പുകളുയര്‍ന്നിരുന്നു. സിപിഎമ്മിലും സര്‍ക്കാരിലും ഉദ്യോഗസ്ഥതലത്തിലും ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങളോട് അതൃപ്തിയുണ്ടായിരുന്നു. ഭരണത്തെ അവലോകനം ചെയ്യാനായി ചേര്‍ന്ന സംസ്ഥാന സമിതിയിലും രൂക്ഷ വിമര്‍ശനമുണ്ടായി. ഇത് അവഗണിച്ച് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമായിരുന്നില്ല. പാര്‍ട്ടിയോടൊപ്പമാണ് തന്റെ കൂറെന്ന് വ്യക്തമാക്കാന്‍ ജേക്കബ് തോമസിനെ മുഖ്യമന്ത്രി കൈവിട്ടു. ജനകീയനായ ഉദ്യോഗസ്ഥനെ കൈവിടുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോഴത്തെ നിലപാട് നിരാശയിലാക്കുന്നത് ജേക്കബ് തോമസിനെയാണ്. അഴിമതിക്കെതിരെ പലതും ചെയ്യാന്‍ ജേക്കബ് തോമസ് ആഗ്രഹിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍ സി.പി.എം നേതൃത്വം ജേക്കബ് തോമസുമായി യുദ്ധം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രൈവറ്റ് സെക്രട്ടറിയായി എത്തിയ എംവി ജയരാരാജന്റെ ഇടപെടല്‍ കാര്യങ്ങള്‍ വേഗത്തിലായി. ഇതും ജേക്കബ് തോമസിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. ഒപ്പം നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം വിട്ട് ചീഫ് സെക്രട്ടറിയായി മാറിയതും ജേക്കബ് തോമസിനെ മാറ്റുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ജിഷാ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത് എല്ല സീമകളും ലംഘിച്ച നടപടിയാണെന്ന് സി.പി.എം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മാറ്റം.

സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിയെ അദ്ദേഹത്തിന് എതിരാക്കി മാറ്റിയത്. ഇ.പി ജയരാജന്‍ മന്ത്രിയായിരിക്കെ നടന്ന നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന നിലപാടില്‍ വിജിലന്‍സും ജേക്കബ് തോമസും ഉറച്ചുനിന്നത് പാര്‍ട്ടി പ്രതിച്ഛായയെ ബാധിച്ചിരുന്നു. സ്‌പോര്‍ട്‌സ് ലോട്ടറിയുമായി ബന്ധപ്പെട്ട കേസില്‍ ടി.പി. ദാസനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചതും സിപിഎമ്മിനെ ബുദ്ധിമുട്ടിലാക്കി. ജേക്കബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് പാര്‍ട്ടിനേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞയാഴ്ച വാക്കാല്‍ ചോദിച്ചിരുന്നു. ബന്ധുനിയമനം, ബാര്‍ കോഴ, ലാവലിന്‍ തുടങ്ങിയ കേസുകള്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ്. ഇതും ജേക്കബ് തോമസിന്റെ മാറ്റത്തിന് കാരണമായെന്ന വിലയിരുത്തല്‍ സജീവമാണ്. ഇതോടെ ആദ്യംമുതല്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു മുഖ്യമന്ത്രിക്ക് വിവിധ കോണുകളില്‍നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് നിലപാടില്‍ മാറ്റംവരുത്തേണ്ട സാഹചര്യമുണ്ടായി.

ജയരാജനെതിരെ അഴിമതി നിരോധന നിയമത്തിലെ 13(1)ഡി വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അഴിമതി നടത്തിയെന്ന വിലയിരുത്തലിലുള്ള നടപടികള്‍ സംബന്ധിച്ചതാണ് ഈ വകുപ്പ്. ഇതിനു പകരം അഴിമതി നിരോധന നിയമത്തിലെ 15ാം വകുപ്പു പ്രകാരമുള്ളതാക്കണം ജയരാജനെതിരെയുള്ള വിജിലന്‍സ് നിലപാടെന്ന് ജേക്കബ് തോമസിനോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അഴിമതി ചെയ്യാന്‍ ഉദ്ദേശിച്ചുവെന്നു മാത്രം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ വകുപ്പ്. കേസിലെ തെളിവുകള്‍ പരിഗണിക്കുമ്പോള്‍, അത്തരത്തില്‍ വകുപ്പു മാറ്റാന്‍ സാധിക്കില്ലെന്ന് ജേക്കബ് തോമസ് നിലപാടെടുത്തു. ഇതും മുഖ്യമന്ത്രിയെ എതിര്‍പക്ഷത്ത് എത്തിച്ചു.

ആതിനിടെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തങ്ങളോട് ആലോചിച്ചെടുത്തതല്ലെന്നു സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കേന്ദ്രത്തില്‍നിന്നു ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ പൊളിറ്റ് ബ്യൂറോയിലെ മൂന്നുപേര്‍ ഈയിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ വിഷയം ചര്‍ച്ചചെയ്തിട്ടില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജയരാജന്‍ ഒന്നാം പ്രതിയായ ബന്ധുനിയമന കേസിനെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നു ജനുവരിയില്‍ കേന്ദ്ര കമ്മിറ്റി, സംസ്ഥാന ഘടകത്തോടു നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ഉടനെ നല്‍കാമെന്നാണത്രേ കേന്ദ്ര നേതൃത്വത്തോട് ഈയിടെ വ്യക്തമാക്കിയത്.
എന്നാല്‍, ഇപ്പോള്‍ ബന്ധുനിയമന കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളുടെ പേരിലാണു ജേക്കബ് തോമസിന്റെ സ്ഥാനചലനമെന്നു വ്യക്തമായപ്പോള്‍ റിപ്പോര്‍ട്ട് വൈകുന്നതിന്റെ കാരണവും ബോധ്യമായെന്ന് ഒരു നേതാവ് പറഞ്ഞു.

Top