ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വെന്റിലേറ്ററില്‍ ആണെന്ന അഭ്യുഹം വീണ്ടും ശക്തമായി പ്രചരിക്കുന്നു.ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്റ്റംബര്‍ 22 മുതല്‍ മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട 12 ഡോക്ടര്‍മാരും 22 നഴ്‌സുമാരും ആശുപത്രിയ്ക്ക് പുറത്ത് എത്തിയിട്ടില്ലത്രേ. ആശുപത്രിയ്ക്കു മുന്നില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തമ്പടിച്ചിരിക്കേ ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.ജയലളിതയുടെ രോഗം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക വിശദീകരണം ഒന്നുംതന്നെ ലഭ്യമായിട്ടില്ലെങ്കിലും ഭാരം ക്രമാതീതമായി കുറഞ്ഞു വരുന്നതായാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചുവെങ്കിലും കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ശ്വസിക്കുന്നത് എന്നും സൂചനയുണ്ട്.
ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ആശുപത്രിയുടെ രണ്ടാം നിലയിലാണ് ജയലളിത ചികിത്സയിലുള്ളതെന്നാണ് വിവരം. ജയലളിതയുടെ തോഴി ശശികലയ്ക്കും പാര്‍ട്ടി വക്താവ് സരസ്വതിയ്ക്കും മാത്രമാണ് നിലവില്‍ ഇവിടേക്ക് പ്രവേശനമുള്ളത്. ജയലളിതയുടെ വിശ്വസ്തനായ പനീര്‍ശെല്‍വത്തിനു പോലും ആശുപത്രി ഗെയ്റ്റു വരെ മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.
ഇതിനിടെ, ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാടിന്റെ പലഭാഗത്തു നിന്നും നിരവധി ആത്മാഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.ജയലളിതയുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക താത്പര്യം പ്രകടിപ്പിക്കുന്നതായി ആശുപത്രി പരിസരത്ത് എത്തിയാല്‍ വ്യക്തമാണ്. കാവേരി വിഷയം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ചികിത്സയിലിരിക്കുന്ന ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഒരു വംശീയ കലാപമായി മാറാന്‍ ഇടയുണ്ടെന്നും ഇത് കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങളുടെ പൂര്‍ണനിയന്ത്രണം കേന്ദ്രം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരു ദിവസത്തിനകം വിവരങ്ങള്‍ പുറത്തുവിടണം. പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോടാണ് കോടതിയുടെ നിര്‍ദേശം. ആരോഗ്യനിലയില്‍ വാര്‍ത്താക്കുറിപ്പല്ല, വേണ്ടത് സര്‍ക്കാര്‍ വിശദീകരണമാണെന്നും കോടതി പറഞ്ഞു.
തമിഴ്‌നാടിന്റെ കൂടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ച് ഇവര്‍ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് ട്രാഫിക് രാമസ്വാമി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ള റോഡ് പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതിനാല്‍ രോഗികള്‍ക്ക് ചികിത്സക്കെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ പരാതിപ്പെട്ടിട്ടുണ്ട്.
കടുത്ത പനിയും നിര്‍ജ്ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. കുറച്ചുദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. ലണ്ടനില്‍ നിന്നും വിദഗ്ധ ഡോക്ടര്‍ ജയലളിതയെ ചികിത്സിക്കാന്‍ എത്തിയെന്നും ആശുപത്രി അറിയിച്ചു. ഇതേതരത്തില്‍ തന്നെയാണ് എഐഎഡിഎംകെയും പ്രതികരിച്ചത്.
എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതരോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ആശുപത്രിയില്‍ ജയലളിത മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നുമാണ് പാര്‍ട്ടി വക്താവിന്റെ വിശദീകരണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പതിവുപോലെ തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചിരുന്നു.
ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹം ശക്തമായപ്പോള്‍ ജയലളിതയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ആവശ്യവും എഐഎഡിഎംകെ തള്ളി.ജയലളിതയുടെ രോഗശാന്തിക്കായി സംസ്ഥാനമെങ്ങും പാര്‍ട്ടി അണികള്‍ പൂജകളും ഹോമങ്ങളും നടത്തുകയാണ്. ആശുപത്രി പരിസരത്തും പൂജകള്‍ നടക്കുന്നുണ്ട്. ജനത്തിരക്ക് നിയന്ത്രാണീതതമായപ്പോള്‍ ആശുപത്രിയിലേക്കുള്ള എഐഎഡിഎംകെ പ്രവര്‍ത്തകരുടെ പ്രവേശനം പൊലീസ് തടഞ്ഞിരിക്കുകയാണ്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/