ജസ്‌നയെ കണ്ടെത്താന്‍ സ്ഥാപിച്ച പെട്ടികള്‍ തുറന്നു: വീടിനടുത്തെ പെട്ടിയിലെ കത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട എരുമേലി മുക്കൂട്ട്തറയില്‍ ജസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജസ്നയെ സംബന്ധിച്ച വിവരങ്ങള്‍ തേടി പൊലീസ് വിവിധയിടങ്ങളില്‍ സ്ഥാപിച്ച പെട്ടിയില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.

ജസ്നയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് കാട്ടി 12 ഇടങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇവയില്‍ നിന്നും അമ്ബതോളം കത്തുകള്‍ പൊലീസിന് ലഭിച്ചു. ഇതില്‍ ജസ്നയുടെ വീടിന് സമീപവും വെച്ചൂച്ചിറ ഭാഗത്തും സ്ഥാപിച്ച പെട്ടികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തിരോധാനം സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും സംബന്ധിച്ചാണ് മിക്ക കത്തുകളും. ജസ്നയെ അടുത്ത് പരിചയമുള്ളവര്‍ എഴുതിയതെന്ന് തോന്നിക്കുന്ന ചില കത്തുകളും ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. ഇതിന് എട്ട് മാസം മുന്‍പാണ് ജസ്‌നയുടെ മാതാവ് മരിക്കുന്നത്. അതിന് ശേഷം പെണ്‍കുട്ടി വളരെ അധികം മാനസിക സംഘര്‍ഷത്തിലായിരുന്നു. എന്നാല്‍ വീട്ടിലെ എല്ലാ കാര്യവും അമ്മയുടെ അഭാവത്തില്‍ ചെയ്യാന്‍ ജസ്‌ന മിടുക്കിയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ജസ്‌നയെ അന്വേഷിച്ച് ബംഗളൂരുവിലും മൈസൂരിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ധര്‍മാരാമിലെ ആശ്രമത്തിലും നിഹാംന്‍സ് ആശുപത്രിയിലും കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയില്‍ തൃശൂരുകാരനായ യുവാവിന്റെ കൂടെ ജസ്നയെ കണ്ടതായി അഭ്യൂഹങ്ങള്‍ പരന്നു. തൃശൂര്‍ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ജസ്നയെ കണ്ടെത്താന്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് സഹപാഠികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പരിപാടികളും നടത്തിവരികയാണ്.

ഇതിനിടെ ജസ്ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്റെ പോസ്റ്റര്‍. ചെന്നൈ, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് പൊലീസ് പോസ്റ്റര്‍ പതിപ്പിച്ചത്. ജസ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായാണ് കണ്ടെത്തുന്നവര്‍ക്കോ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്കോ ആയി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

Top