ന്യൂഡല്‍ഹി: ഗുജറാത്ത് പോലീസ് ഉന്നതര്‍ തന്നെയും എന്‍കൗണ്ടറിന് ഇരയാക്കി വധിക്കുമെന്ന് ദളിത് പ്രവര്‍ത്തകനും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. എന്‍കൗണ്ടറില്‍ തന്നെ കൊല്ലുമെന്ന് ഭയപ്പെടുന്നുണ്ടെന്ന് ജിഗ്നേഷ്. പോലീസുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ആയ ‘എഡിആര്‍ പോലീസ് ആന്റ് മീഡിയ’വഴി കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു രണ്ടു വീഡിയോയുടെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ജിഗ്നേഷ് മേവാനി ട്വീറ്റ് ചെയ്തു.
രണ്ടു വീഡിയോകളില്‍ ആദ്യത്തേത് രാഷ്ട്രീയക്കാരനേപ്പോലെ വസ്ത്രം ധരിച്ച ഒരാളെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതും മറ്റൊന്ന് പോലീസ് എന്‍കൗണ്ടറിനെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. പോലീസിന്റെ തന്തയാകാന്‍ നോക്കുന്നവരോടും പോലീസിന്റെ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തുന്നവരുടേയും ഗതി ഇങ്ങിനെ ആയിരിക്കുമെന്നും ഞങ്ങള്‍ ഞങ്ങളുടെ സ്‌കോര്‍ ശരിയാക്കുമെന്നുമുള്ള അഹമ്മദാബാദ് ഡിഎസ്പി ആര്‍ ബി ദേവ്ധായുടെ ഒരു സന്ദേശം രണ്ടു വീഡിയോകള്‍ക്കും പിന്നാലെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
അതേസമയം സന്ദേശം താന്‍ കോപ്പി പേസ്റ്റ് ചെയ്ത് മറ്റൊരു ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തെന്നു മാത്രമേയുള്ളെന്നും സന്ദേശം തന്റേതല്ലെന്നുമാണ് ദേവ്ധായുടെ പ്രതികരണം. അത് ഒരിക്കലും ഒരു സ്വകാര്യ സന്ദേശമോ ഭീഷണിയോ അല്ലെന്നും ഒരു ഗ്രൂപ്പില്‍ നിന്നും മറ്റൊരു ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തെന്നേയുള്ളെന്നും ഇയാള്‍ പറയുന്നു. അതേസമയം സംഭാഷണം വൈറലായതോടെ ഇത് താന്‍ കൊല്ലപ്പെടുമെന്ന സൂചനയാണോയെന്ന് ചോദിച്ച ജിഗ്നേഷ് മേവാനി തന്നെ എങ്ങിനെ ഇല്ലാതാക്കാമെന്ന രണ്ടു ഉന്നതരുടെ വാട്സ്ആപ്പ് ചര്‍ച്ചയാണെന്നും നിങ്ങള്‍ ഇക്കാര്യം വിശ്വസിക്കുന്നുണ്ടോയെന്നും ചോദിച്ചു. ഇക്കാര്യം പുറത്തുവിട്ട വെബ് പോര്‍ട്ടലിന്റെ ലിങ്കും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
തന്നെ സംസ്ഥാനപോലീസ് യാതൊരു സംസ്‌ക്കാരവുമില്ലാത്ത രീതിയില്‍ കാറില്‍ നിന്നും വലിച്ചു പുറത്തിട്ടതായി ഫെബ്രുവരി 18 ന് ആരോപിച്ചിരുന്നു. സാധാരണ വേഷം ധരിച്ച തന്റെ പോലീസ് ഡ്രൈവറോട് ഡ്രൈവിംഗിനിടെ മേവാനി ഉച്ചത്തില്‍ സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും നേരത്തേ വൈറലായിരുന്നു.