കൊച്ചി:ഈ വര്‍ഷം യൂട്യൂബിൽ മലയാളിയ്ക്കഭിമാനിക്കാനുള്ള വകയുണ്ടായിരിക്കുന്നു. 2017 ല്‍ യൂട്യൂബില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം ആളുകള്‍ കണ്ട വീഡിയോകളില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സിലെ അധ്യാപികമാരുടെ നേതൃത്വത്തില്‍ നടന്ന ജിമിക്കി കമ്മല്‍ ഡാന്‍സ് വീഡിയോയാണ് രണ്ടാംസ്ഥാനത്തെത്തിയിരിക്കുന്നത്.യൂട്യൂബ് റിവൈന്‍ഡ് ഇന്ത്യയിലാണ് പോയ വര്‍ഷം യൂട്യൂബിലെ ടോപ്പ് ട്രെന്‍ഡിംഗ് വീഡിയോകളുടെ കൂട്ടത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന പാട്ടിനൊത്ത് ഏതാനും കോളജ് അധ്യാപികമാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോയും ഇടം പിടിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മല്‍ ഗാനരംഗത്തേക്കാളും ശ്രദ്ധപിടിച്ചുപറ്റിയത് കഴിഞ്ഞ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ഈ നൃത്ത പ്രകടനമാണ്.
ഇതിന് നേതൃത്വം നല്‍കിയ കോളജ് അധ്യാപികമാരായ ഷെറിലും അന്നയും താരങ്ങളാവുകയും ചെയ്തിരുന്നു. ഷെറിലിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരങ്ങള്‍ പോലും ലഭിച്ചിരുന്നു. ഒരു മലയാള ഗാനം രാജ്യത്തുടനീളം വൈറലാവുന്നത് ഇതാദ്യമായാണ്. അടുത്തിടെ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ വരെ ജിമിക്കി കമ്മലിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ബിബി കി വൈന്‍സിന്റെ ഗ്രൂപ്പ് സ്റ്റഡി എന്ന വീഡിയോ ആണ് ഒന്നാമത്.