ദില്ലി: റിലയന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കെടുത്തോ? റിലയന്‍സിന്റെ പുതിയ പരസ്യം വിവാദമാകുകയാണ്. മോദിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയുള്ള റിലയന്‍സിന്റെ പരസ്യം തകൃതിയായി പ്രത്യക്ഷപ്പെടുകയാണ്.
ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള പത്രങ്ങളിലാണ് മോദിയുടെ ചിത്രവുമായി ജിയോ സിമ്മിന്റെ ഫുള്‍പേജ് പരസ്യം നല്‍കിയിരിക്കുന്നത്. സിം ലോഞ്ച് ചെയ്തതിന് പിന്നാലെ റിലയന്‍സ് ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 ചാനലുകളില്‍ മോദിയുടെ എക്സ്‌ക്ലൂസീവ് അഭിമുഖവും സംപ്രേഷണം ചെയ്യുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തി. അംബാനിയുടെ പോക്കറ്റിലാണ് മോഡി എന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ ചങ്ങാത്ത മുതലാളിത്ത സമീപനം പ്രകടമാകുന്ന പരസ്യമാണ് ഇന്ന് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ജിയോ സിമ്മിന്റെ ഫുള്‍ ക്രെഡിറ്റും മോദിക്ക് നല്‍കിയാണ് പരസ്യം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണമാണ് ജിയോ സാക്ഷാത്കരിച്ചതെന്ന് നീല ജാക്കറ്റ് അണിഞ്ഞ (ജിയോ ലോഗോയുടെ നിറവും നീലയാണ്) മോഡിയുടെ നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തമടങ്ങുന്ന പരസ്യം പറയുന്നു. സാധാരണ സര്‍ക്കാര്‍ പരസ്യങ്ങളില്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ പടം നല്‍കാറുള്ളത്. സ്വകാര്യ കോര്‍പറേറ്റ് കമ്പനികളുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ സചിത്ര പരസ്യം നല്‍കുന്നത് ഇതാദ്യമാണ്. സര്‍ക്കാര്‍ സ്പോണ്‍സേഡ് സിം എന്നാണ് പരസ്യം കണ്ടാല്‍ തോന്നുക.
പരസ്യം വ്യാപക വിമര്‍ശനത്തിനിടയാക്കി. മോദി അംബാനിയുടെ കീശയിലാണെന്നതിന് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി പരസ്യമായി റിലയന്‍സ് ഉല്‍പന്നത്തെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
ജിയോ സിം ലോഞ്ചിങ് ചടങ്ങുകള്‍ക്കിടെ റിലയന്‍സ് ഉടമ മുകേഷ് അംബാനി മോദിയെ വാനോളം പ്രശംസിച്ചിരുന്നു. റിലയന്‍സ് കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. ജിയോ… നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ വീക്ഷണം ഒരു വഴിത്തിരിവാണ്. പ്രധാനമന്ത്രിയുടെ ജിഡിറ്റല്‍ ഇന്ത്യ സ്വപ്നത്തിന് ജിയോയെ സമര്‍പിക്കുന്നു.