ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ അയക്കാന്‍ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം… പരിഹാസവുമായി എം.ബി രാജേഷ്‌ എം.പി

‘ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ അയക്കാന്‍ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം’ എന്ന തലക്കെട്ടോടെ പാചക വാതക നിരക്ക്‌ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച്‌ എം.ബി രാജേഷ്‌ എം.പിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റുകള്‍ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പെരുമാറ്റ രീതിയെ അടക്കം പോസ്‌റ്റില്‍ വിമര്‍ശിക്കുന്നുണ്ട്‌. പിന്നാലെ രണ്ടാമത്തെ പോസ്‌റ്റുമെത്തി. ‘പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്‌റ്റിന്‌ ഉത്തരം മുട്ടിയ സംഘികള്‍ മോഡിയോട്‌ സങ്കടം പറഞ്ഞാല്‍’ എന്ന തലക്കെട്ടിലാണ്‌ രണ്ടാം പോസ്‌റ്റ്. രണ്ടിനും സമ്മിശ്ര പ്രതികരണമാണ്‌ സോഷ്യല്‍ മീഡിയയില്‍നിന്ന്‌ ലഭിക്കുന്നത്‌.
ഫേസ്‌ബുക്ക്‌ പോസ്‌റ്റുകളുടെ പൂര്‍ണ്ണ രുപം:-
പോസ്‌റ്റ് 1- ‘ പ്രിയപ്പെട്ട മോഡിജി,
പുതുവത്സരാശംസകള്‍!..

അങ്ങയുടെ പുതുവത്സര സമ്മാനം കിട്ടി. സബ്‌സിഡി ഉള്ളതും ഇല്ലാത്തതും വാണിജ്യാവശ്യത്തിനുള്ളതുമായ
പാചകവാതകത്തിന്‌ വിലകൂട്ടി ഈ പുതുവര്‍ഷ വരവേല്‍പ്പ്‌ അവിസ്‌മരണീയമാക്കിയ അങ്ങേക്ക്‌ എങ്ങനെ നന്ദി
പറഞ്ഞാലും മതിയാകില്ല. ഇടതുപക്ഷക്കാരും മറ്റും വിലകൂട്ടിയതിനെ വിമര്‍ശിക്കാനും അങ്ങയുടെ പുതുവത്സര
സമ്മാനത്തെ വിലകുറച്ചു കാണിക്കാനും ശ്രമിക്കും. അത്‌ കാര്യമാക്കണ്ട. അവന്മാരെയൊക്കെ ഫേസ്‌ ബുക്കില്‍
തെറിവിളിച്ചു ഞങ്ങള്‍ നിശബ്‌ദരാക്കാന്‍ നോക്കാം. രാജ്യസ്‌നേഹപരമായ ഈ വിലകൂട്ടല്‍ സമ്മാനത്തെ ഞങ്ങള്‍
കഴിയുന്നത്ര വാഴ്‌ത്തിക്കോളാം. ഇതൊക്കെ രാജ്യം നന്നാക്കാന്‍ പണം കണ്ടെത്താനാണെന്ന മോഡിജിയുടെ ന്യായം
ഞങ്ങള്‍ കിണഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ആ പഴയ സര്‍ദാര്‍ജി ഇതെല്ലാം ചെയ്‌തപ്പോള്‍ ഗ്യാസ്‌കുറ്റിയുമായി
നമ്മള്‍ റോട്ടില്‍ സമരം ചെയ്‌തതും നടു റോഡിലൂടെ വണ്ടിയുന്തിയതും പറഞ്ഞു ചകാക്കള്‍ നമ്മളെ ഉത്തരം മുട്ടിക്കാന്‍ നോക്കുന്നുണ്ട്‌. പഴയ ഫോട്ടോകളൊക്കെ അവരെടുത്തിട്ടപ്പോള്‍ ഞങ്ങള്‍ക്ക്‌ കുറച്ചു വല്ലായ്‌മ തോന്നുന്നുണ്ടെങ്കിലും തെറിവിളിയുടെ ഡോസ്‌ കൂട്ടി ആ ജാള്യത ഞങ്ങള്‍ മാറി കടന്നോളാം.
കോര്‍പ്പറേറ്റുകള്‍ക്കു സര്‍ദാര്‍ജിയെപ്പോലെ തന്നെ ലക്ഷക്കണക്കിനു കോടി രൂപ നമ്മള്‍ ഇളവ്‌ കൊടുക്കുന്നതിനെ
ചകാക്കള്‍ വിമര്‍ശിക്കുന്നുണ്ട്‌. അതിനു എന്തു മറുപടിയാണ്‌ ഞങ്ങള്‍ നല്‍കേണ്ടത്‌? മറുപടി ഇല്ലെങ്കില്‍ അതും പറയണം. കുറെക്കൂടി മുട്ടന്‍ തെറി വിളിച്ച്‌ അവരെ അടക്കാന്‍ വേണ്ടിയാണ്‌. സ്വച്ച്‌ ഭാരതിന്‌ വേണ്ടി പെട്രോളിയത്തിന്റെ പേരില്‍ സെസ്സ്‌ പിരിച്ച്‌ അത്‌ ചെലവാക്കിയില്ലെന്നു സി.എ.ജി.ക്കാര്‌ എന്തോ റിപ്പോര്‍ട്ട്‌ കൊടുത്തതും പൊക്കിപ്പിടിച്ച്‌ ഇനി ചകാക്കള്‍ വരും. അതിനെന്തെങ്കിലും മറുപടി കൊടുക്കാനുണ്ടോ? അതോ തെറിവിളി തന്നെ മതിയാകുമോ? സര്‍ദാര്‍ജിയെ താഴെയിറക്കാന്‍ സി.എ.ജി.ക്കാരുടെ റിപ്പോര്‍ട്ട്‌ നമ്മളെ സഹായിച്ചിട്ടുണ്ടെന്നത്‌ നേരാണ്‌. എന്നാല്‍ ഇനിയവന്മാരെ അങ്ങനെ റിപ്പോര്‍ട്‌ എഴുതാന്‍ വിട്ടുകൂടാ.
പിന്നെ, 2016 ല്‍ മോഡിജി വിദേശയാത്ര വെട്ടിക്കുറക്കാന്‍ പോകുന്നു എന്ന ഒരു വാര്‍ത്ത ടി.വി.യില്‍ കണ്ടു. ടെ്വന്‍റി
ടെ്വന്‍റി യില്‍ ബാറ്റ്‌ ചെയ്യും പോലെ കുറഞ്ഞ സമയത്തിനകം 37 രാജ്യങ്ങളിലെത്തിയ മോഡിജി 2016 ല്‍ വിദേശയാത്രയില്‍ സെഞ്ച്വറി അടിക്കുന്നത്‌ കാണാനിരിക്കുകയായിരുന്നു ഞങ്ങള്‍. സ്‌െ്രെടക്‌ റേറ്റ്‌ കുറയില്ലെ മോഡിജി? ധോണിജിയേക്കാള്‍ വേഗത്തില്‍ മോഡിജി സെഞ്ച്വറി അടിക്കുമെന്ന്‌ ചകാക്കളോടു ബെറ്റ്‌ വച്ച ഞങ്ങളുടെ കാശ്‌ പോകില്ലേ മോഡിജി. ഇവന്മാരൊക്കെ പറയുന്നതു കേട്ടു മോഡിജി യാത്രയൊന്നും കുറക്കരുത്‌. പഴേ സര്‍ദാര്‍ജിയെപ്പോലെ സൈലെന്‍റ്‌ മോഡിലല്ല ഞങ്ങളുടെ മോഡിജി എപ്പോഴും ഫ്‌ലൈറ്റ്‌ മോഡിലാണെന്നത്‌ ഞങ്ങള്‍ക്കൊക്കെ ഒരഭിമാനമായിരുന്നു. 2015 ല്‍ പത്തു ലക്ഷത്തിന്റെ കോട്ടിട്ട്‌ ചകാക്കളെയും മതേതറന്മാരെയും മാത്രമല്ല, സകല ചായക്കടക്കാരെയും പാവപ്പെട്ടവനെയും പണക്കാരനെയുമൊക്കെ ഒരു പോലെ ഞെട്ടിച്ച്‌ താരമായ മോഡിജി 2016 ല്‍ 50 ലക്ഷത്തിന്റെ കോട്ട്‌ ഇട്ടോണ്ട്‌ വരുന്നത്‌ കാണാന്‍ കാത്തിരിക്കുകയാണ്‌ ഞങ്ങളൊക്കെ. ഇനി കോട്ടില്‍ മാത്രം അങ്ങയുടെ പേരെഴുതിയാല്‍ പോരാ, നമുക്ക്‌ നെറ്റിയിലും ഒരു പേരെഴുതി ഒട്ടിക്കണം. അങ്ങനെ ഈ ചകാക്കള്‍ ക്കും മതേതറ ന്മാര്‍ക്കുമൊക്കെ ഒരു ചുട്ട മറുപടി കൊടുക്കണം. അടുത്തകാലത്തായി എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളെ തോല്‍പ്പിക്കുന്ന ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള ഒരു വിദ്യ കൂടി നാം 2016 ല്‍ കണ്ടുപിടിക്കണം.
ദില്ലിയിലും ബീഹാറിലും മോഡിജിയുടെ വാരണാസിയിലും രാജ്‌നാഥ്‌ജിയുടെ ലഖ്‌നൌ വിലും മദ്ധ്യപ്രദേശിലെ
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും നേരത്തെ രാജസ്‌ഥാനിലെയും ഉത്തരപ്രദേശിലെയും നിയമസഭാ
ഉപതെരഞ്ഞെടുപ്പുകളിലും മോഡിജിയുടെയും അമിത്‌ ഷാജിയുടെയും ഗുജറാത്തിലെയും മധ്യപ്രദേശിലെയും ഛത്തീസ്‌ ഗഡിലെയും പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലും നാം നിലം തൊട്ടില്ലെന്ന്‌ പത്രങ്ങളൊക്കെ എഴുതുന്നു. ന്യൂനപക്ഷങ്ങളും മതേതറന്മാരും നമുക്ക്‌ വോട്ട്‌ ചെയ്യാത്തത്‌ മനസിലാക്കാം. എന്നാല്‍ ഈ ഹിന്ദുക്കള്‍ എന്നു പറയുന്നവരോ? നമ്മളെ തോല്‍പ്പിക്കുന്ന ഇവറ്റകളൊക്കെ എന്തു ഹിന്ദുക്കളാണ്‌! ഇവരെയൊക്കെ ശരിയായ ഹിന്ദുക്കളാക്കാന്‍ 2016 ല്‍ പുതിയ സാമഭേദദണ്ഡ മുറകള്‍ ആവിഷ്‌ക്കരിക്കണം. തുടര്‍ച്ചയായ തോല്‍വികള്‍ക്ക്‌ ന്യായം പറഞ്ഞു ക്ഷീണിച്ചു പോയി. അതുകൊണ്ടാണ്‌. നമുക്ക്‌ വോട്ട്‌ ചെയ്യുന്നില്ലെകില്‍ ഇന്ന്‌! കൊടുത്തത്‌ പോലുള്ള സമ്മാനങ്ങള്‍ ഇടക്കിടക്ക്‌ കൊടുക്കണം. ഹിന്ദുക്കളാണ്‌ പോലും ഹിന്ദുക്കള്‍! ഒരു പാഠം പഠിക്കട്ടെ. മോഡിജിക്ക്‌ ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകള്‍!
(ഒരു സംഘി പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ അയക്കാന്‍ സാധ്യതയുള്ള പുതുവത്സര ആശംസാ സന്ദേശം !)
പോസ്‌റ്റ് 2-
‘പാചകവാതക വിലയെക്കുറിച്ചുള്ള ഇന്നലത്തെ പോസ്‌റ്റിന്‌ ഉത്തരം മുട്ടിയ സംഘികള്‍ മോദിയോട്‌ സങ്കടം പറഞ്ഞാല്‍…
പ്രിയപ്പെട്ട മോദിജി,
സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയാണ്‌ കൂടിയതെന്ന്‌ വാദിച്ച്‌ ഞങ്ങള്‍ എഫ്‌.ബി.യില്‍ ചകാക്കളെ നേരിട്ടു കൊണ്ടിരിക്കുകയാണ്‌. അപ്പോഴാണ്‌ ഇന്നത്തെ മനോരമ ഇങ്ങനെ എഴുതിയിരിക്കുന്നത്‌. വിലവര്‍ദ്ധിച്ചെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്ക്‌ ഫലത്തില്‍ വലിയ ഭാരമുണ്ടാകില്ല. അധികം ഈടാക്കുന്ന തുകയുടെ ഒരു പങ്ക്‌ സബ്‌സിഡിയായി ബാങ്കില്‍ ലഭിക്കുമെന്ന്‌! ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്‌തമാക്കി. അപ്പോള്‍ സബ്‌സിഡി ലഭിക്കുന്നവര്‍ക്കും കുറച്ചു ഭാരമുണ്ടാകുമല്ലേ മോദിജി. കൂടിയ വില മുഴുവനും സബ്‌സിഡിയായി ബാങ്ക്‌ അക്കൌണ്ടില്‍ കൊടുക്കില്ല അല്ലേ? വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിക്കുമ്പോള്‍ ഹോട്ടലുകളില്‍ ഭക്ഷണത്തിന്റെ വിലയും കൂടില്ലേ? 10 ലക്ഷത്തിന്‌ മേല്‍ വരുമാനമുള്ള സമ്പന്നര്‍ക്ക്‌ മാത്രമേ പ്രശ്‌നമുള്ളൂവെന്ന്‌ നമ്മള്‍ പറഞ്ഞത്‌ പൊളിഞ്ഞല്ലോ മോദിജി. ഇനി എന്താ പറയേണ്ടത്‌? തെറി തന്നെ പറയാം അല്ലേ?
പിന്നെ ചകാക്കള്‍ ചോദിക്കുകയാ വിമാന ഇന്ധനത്തിന്‌ 10% വിലകുറച്ചത്‌ പാവപ്പെട്ടവരെ സഹായിക്കാനാണോ എന്ന്‌? കഴിഞ്ഞമാസവും വിമാന ഇന്ധനത്തിന്‌ വിലകുറച്ചിട്ട്‌ ടിക്കറ്റ്‌ നിരക്ക്‌ കുറച്ചോ എന്ന്‌!? പാചകവാതകത്തിന്‌ മൂന്നു മാസം കൊണ്ട്‌ മൂന്നു തവണ (138.5 രൂ) വിലകൂട്ടിയപ്പോള്‍ വിമാന ഇന്ധനത്തിന്‌ രണ്ടുതവണയായി കിലോ ലിറ്ററിന്‌ 5000 രൂപ കുറച്ചതും പാവപ്പെട്ടവര്‍ക്ക്‌ വേണ്ടിയാണെന്ന്‌ ചകാക്കളോട്‌ പറയുന്നുണ്ട്‌. റെയില്‍വേ യാത്രാ നിരക്കും കടത്തു കൂലിയും പലതവണ കൂട്ടിയതും പാവപ്പെട്ട ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന്‌ തന്നെയല്ലേ പറയേണ്ടത്‌? പക്ഷേ ജനങ്ങളൊന്നും അത്‌ വിശ്വസിക്കുന്നില്ല മോദിജി. ഇനി ഒരു രഹസ്യം പറയാം ചകാക്കളുടെ മുമ്പില്‍ പിടിച്ചു നില്‌ക്കാന്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഞങ്ങളും ഇതൊന്നും വിശ്വസിക്കുന്നില്ല കേട്ടോ.പാചക വാതകത്തിന്‌ പണക്കാര്‍ക്കാ വിലകൂട്ടിയതെന്ന്‌ പറയുമ്പോള്‍ ഏറ്റവും വലിയ പണക്കാരനായ റിലയന്‍സ്‌ 11055 കോടി രൂപയുടെ ഓ.എന്‍.ജി.സി.യുടെ പ്രകൃതി വാതകം കെ.ജി.ബേസിനില്‍ നിന്ന്‌ കട്ടു എന്ന്‌ കണ്ടെത്തിയിട്ടും നഷ്‌ടം ഈടാക്കാത്തത്‌ എന്താണെന്നാണ്‌ ചകാക്കള്‍ ചോദിക്കുന്നത്‌. റിലയന്‍സിന്‌ 10 ലക്ഷത്തില്‍ കുറവ്‌ വരുമാനമെയുള്ളൂ എന്നങ്ങോട്ട്‌ പറയാം അല്ലേ?
കോര്‍പ്പറേറ്റുകള്‍ക്ക്‌ കഴിഞ്ഞ ബജറ്റില്‍ 5.82 ലക്ഷം കോടി രൂപ നികുതിയിളവ്‌ നല്‍കിയതിനെയും നമ്മുടെ നേതാവ്‌ ഗുരുമൂര്‍ത്തി കോര്‍പ്പറേറ്റുകള്‍ക്ക്‌ ഇളവ്‌ നല്‍കിയ സര്‍ദാര്‍ജിക്ക്‌ എതിരെ ഇന്ത്യന്‍ എക്‌സ്പ്രെസില്‍ ലേഖന പരമ്പര എഴുതിയതും ചകാക്കള്‍ ഇപ്പൊഴും ഓര്‍ത്ത്‌ വച്ചിരിക്കുകയാണ്‌. ആ കോര്‍പ്പറേറ്റ്‌ അല്ല ഈ കോര്‍പ്പറേറ്റ്‌ എന്ന്‌ കാച്ചാം അല്ലേ? മോദിജി സഹായിക്കുന്നതൊക്കെ വേദനിക്കുന്ന കോടീശ്വരന്‍മാരെയാണെന്നും പറയാം അല്ലേ?
ഞങ്ങള്‍ അവന്മാരെ നേരിടാന്‍ പതിനെട്ടടവും പയറ്റുന്നുണ്ട്‌ മോദിജി, പക്ഷേ…. അട്ടപ്പാടിയുടെ കാര്യം പറഞ്ഞപ്പോള്‍ അതിനെക്കാള്‍ ദയനീയമാണ്‌ ഗുജറാത്തിലടക്കം നമ്മുടെ സംസ്‌ഥാനങ്ങളിലൊക്കെ എന്ന്‌ മേനക ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞ മറുപടി അതാ വരുന്നു. ഒപ്പം പോഷകാഹാര പദ്ധതിക്കുള്ള ഫണ്ട്‌ വെട്ടിക്കുറച്ച കണക്കും. പിന്നെ നമ്മുടെ മന്ത്രി അട്ടപ്പാടിക്ക്‌ പുറപ്പെട്ടിട്ട്‌ ഒരു കൊല്ലമായിട്ടും എത്തിയിട്ടുമില്ലല്ലോ. ഇനിയിപ്പോ വഴി തെറ്റിയതാവുമോ മോദിജി?
ബീഫിന്‍റെ കാര്യം പറഞ്ഞപ്പോ മോദിജി വന്ന ശേഷം ബീഫ്‌ കയറ്റുമതി ഇരട്ടിയായ കാര്യം അവന്‍മാര്‍ എടുത്തിട്ടു. പോരെങ്കില്‍ ബീഫ്‌ കച്ചവടക്കാരില്‍ നിന്ന്‌ നമ്മള്‍ ഫണ്ട്‌ വാങ്ങിയതിന്റെ ഇലക്ഷന്‍ കമ്മീഷനില്‍ കൊടുത്ത കണക്കും പറഞ്ഞ്‌ ശരിക്കും മാനം കെടുത്തി. എം.പി. മാരുടെ ശമ്പളം കൂട്ടാന്‍ പോകുന്നതും പാര്‍ലിമെന്റ്‌ കാന്റീനിലെ സബ്‌സിഡിയും പറഞ്ഞ്‌ പിടിച്ചു നില്‍ക്കാനും കഴിവത്‌ ശ്രമിച്ചു. നമ്മുടെ യോഗി ആദിത്യനാഥനല്ലേ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ കൊടുത്തത്‌. ഞങ്ങള്‍ വെട്ടിലായിപ്പോയി. ചകാക്കള്‍ മാത്രമാണു ശമ്പളം സ്വയം കൂട്ടരുതെന്ന നിലപാട്‌ എടുത്തത്‌. പിന്നെ വേറൊരു കാര്യം ഈ ചകാക്കളായ എം.പി.മാരുടെ ശമ്പളം അവരുടെ പാര്‍ട്ടിക്കാണ്‌. പാര്‍ട്ടി കൊടുക്കുന്ന ചെറിയ വേതനം കൊണ്ട്‌ ജീവിക്കുന്നവരാണ്‌ ചകാക്കളായ എം.പി. മാര്‍. മോദിജിയും നമ്മുടെ ആളുകളും എങ്ങനെയാ? ശമ്പളം മുഴുവന്‍ പാര്‍ട്ടിക്ക്‌ കൊടുക്കുമോ അതോ സ്വന്തം കീശയിലാക്കുമോ? പിന്നെ മോദിജി ഒരു ദിവസം പാര്‍ലിമെന്റ്‌ കാന്റീനില്‍ നിന്ന്‌ ഭക്ഷണം കഴിച്ചതു വലിയ വാര്‍ത്തയായിരുന്നല്ലോ. എങ്ങനെയാ സബ്‌സിഡിയിലാണോ അതോ ഓസിനാണോ ഫുഡ്‌ അടിച്ചത്‌. ( ഇത്‌ ചകാക്കളോട്‌ പറയാനല്ല അറിഞ്ഞിരിക്കാന്‍ ചോദിച്ചതാ)മുപ്പത്തിനാല്‌ വര്‍ഷം ഭരിച്ച ബംഗാളില്‍ തോറ്റ കാര്യം പറഞ്ഞപ്പോ മോദിജി ഒന്നര വര്‍ഷം ഭരിച്ചപ്പോഴേക്കും ദല്‍ഹി, ബീഹാര്‍, ഗുജറാത്ത്‌, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌, രാജസ്‌ഥാന്‍, യു.പി, എന്നിങ്ങനെ ഇക്കാലയളവില്‍ തെരഞ്ഞെടുപ്പ്‌ നടന്ന സ്‌ഥലത്തൊക്കെ നിങ്ങള്‍ തോറ്റത്‌ എന്തേ എന്ന്‌ ചോദ്യം. ഞങ്ങളും അപ്പോഴാ അത്‌ ആലോചിച്ചത്‌. എന്താ മോദിജി ഒന്നരക്കൊല്ലം കൊണ്ട്‌ നമ്മളിങ്ങനെ തോല്‍ക്കാന്‍ തുടങ്ങിയത്‌.? ഇതിനൊക്കെ ഒരു മറുപടി ഉടന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം ഇറ്റാലിയന്‍ കടല്‍ക്കൊലക്കാര്‍ക്ക്‌ അചെ്‌ഛ ദിന്‍ വരുന്ന തീയതി കൂടി അറിയിക്കാന്‍ മറക്കരുത്‌.ചകാക്കള്‍ക്ക്‌ ചുട്ട മറുപടി കൊടുക്കാനാ….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top