കൊച്ചി: ജിഷയുടെ ബലാത്സംഗത്തിനു പിന്നിലാര്? കൊലപാതകം നടത്തിയതാര്? ഇതിന്റെയൊക്കെയുള്ള ഉത്തരം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടാകാമെന്നാണ് പറയുന്നത്. അക്രമം നടത്തുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നതു കൊണ്ട് ജിഷ ക്യാമറ കൈയ്യില്‍ കരുതിയിരുന്നതായാണ് റിപ്പോര്‍ട്ട്.
വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണു ജിഷ കഴിഞ്ഞിരുന്നതെന്നു ജിഷയുടെ വീട് സന്ദര്‍ശിച്ച വനിതാ സംഘടനാ പ്രവര്‍ത്തകരാണ് പറഞ്ഞത്. സമൂഹത്തില്‍ നിന്ന് ഏതു സമയവും അക്രമം പ്രതീക്ഷിച്ചിരുന്നിട്ടാകണം ഒരു പെണ്‍കുട്ടി എപ്പോഴും സ്വന്തം വസ്ത്രത്തില്‍ ക്യാമറ കരുതിയിട്ടുണ്ടാകുകയെന്ന് അഡ്വ. ടി.ബി.മിനി പറഞ്ഞു.
ദലിത് കുടുംബത്തില്‍ പിറന്നുവെന്ന കാരണത്താല്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണു ജിഷയും കുടുംബവും കുറുപ്പംപടിയില്‍ കഴിഞ്ഞിരുന്നത്. പുറംപോക്കിലെ താമസക്കാര്‍ ആയിരുന്നതിനാല്‍ സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഈ കുടുംബത്തിനുണ്ടായിരുന്നില്ലെന്നതു ഞെട്ടിപ്പിക്കുന്നതാണെന്നു വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞു.
അയല്‍പക്കങ്ങളിലെ വീടുകളിലുള്ളവരാരും തങ്ങളോട് സംസാരിക്കാന്‍ തയാറായില്ലെന്ന് ഇവര്‍ പറയുന്നു. വീടുകളിലുള്ളവര്‍ ആരെയോ ഭയപ്പെടുന്നുവെന്ന തോന്നലാണുണ്ടായത്. മൃതദേഹം സംസ്‌കരിക്കുക വഴി തുടരന്വേഷണത്തിനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.