കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം തന്നെയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാനഭംഗത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം ശനിയാഴ്ച സമര്‍പ്പിക്കും. പ്രതിക്കെതിരെ നിരവധി ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പിക്കും. ലൈംഗിക വൈകൃതത്തിന് ഉടമയായ പ്രതി ജിഷയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും അത് ചെറുത്തപ്പോള്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു എന്നും കുറ്റപത്രത്തിലുണ്ട്. അതേസമയം, കേസുകള്‍ സമാനമായതിനാല്‍ സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയോടെയാണ് പൊലീസ് ജിഷ വധക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. രണ്ടു കേസിലും ശാസ്ത്രീയ തെളിവുകള്‍ ആണ് ആധാരം എന്നിരിക്കെ ചെറിയ തെളിവുകളുടെ അഭാവം കുറ്റപത്രത്തെ ദുര്‍ബലമാക്കുമെന്ന ആരോപണമുണ്ട്. ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കുറ്റപത്രം പഴുതടച്ചതാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പൊലീസ്.
കുറ്റസമ്മത മൊഴി വിശദമായി വിലയിരുത്തി സംശയങ്ങളെല്ലാം ദൂരീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അമീറുല്‍ മാത്രം പ്രതിയായ കുറ്റപത്രമായിരിക്കും നാളെ കോടതിയില്‍ സമര്‍പിക്കുക. ജിഷയോടുള്ള ലൈംഗിക താല്‍പര്യം മാത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം. ബലാല്‍സംഗംശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവ ദിവസം അമീറുല്‍ ജിഷയുടെ വീട്ടിലെത്തി കൊലപാതകം നടത്തി തിരിച്ചുപോയതു വരെയുള്ള കാര്യങ്ങളെല്ലാം വ്യക്തമായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അതൊഴിവാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അമീറിന്റെ സുഹൃത്തായ അനാറിനെക്കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് സൂചന.
സംഭവദിവസം വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കി പ്രതി ജിഷയുടെ വീട്ടിലേക്ക് ചെന്നു. ഈസമയം ജിഷ ചെരുപ്പെടുത്ത് അടിക്കുമെന്ന് ആംഗ്യം കാണിച്ചു. ക്രുദ്ധനായ പ്രതി ആദ്യം തിരിഞ്ഞുനടന്നശേഷം പിന്നീട് തിരികെ ചെന്ന് വീടിനുളളില്‍ ജിഷയെ കടന്നുപിടിച്ചു. ജിഷ ചെറുത്തതോടെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആദ്യം കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. മല്‍പ്പിടുത്തത്തില്‍ ജിഷയുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി. മരണവെപ്രാളത്തില്‍ വെളളം ചോദിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന മദ്യം വായിലേക്ക് ഒഴിച്ചു. കുറച്ചുസമയം കൂടി മുറിയില്‍ നിന്നശേഷം ജിഷ മരിച്ചെന്ന് ഉറപ്പിച്ച ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. കുത്താനുപയോഗിച്ച കത്തി വീടിന്റെ പിന്നാമ്പുറത്തേക്കെറിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ സമീപത്തെ കനാലില്‍ ചെരുപ്പ് പതിഞ്ഞുപോയെന്നും കുറ്റപത്രത്തിലുണ്ട്.
ഡിഎന്‍എ പരിശോധനാ ഫലം അടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ കുറ്റപത്രത്തില്‍ പൊലീസ് പ്രതിക്കെതിരെ നിരത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 30 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 23 പേരുടെ ഡിഎന്‍എ പരിശോധിച്ചു. തെളിവുകള്‍ ശേഖരിക്കാനായി 1500 പേരെ ചോദ്യം ചെയ്തു. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 പേരുടെ വിരലടയാളം ശേഖരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ ഹാജരാവും.