ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിൽ പ്രതികൾ സിപിഎം അല്ല; ജം ഇയത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗം; യഥാര്‍ത്ഥ പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളം തൊഴിയൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ത്ഥ പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. ജം ഇയത്തുൽ ഹിസാനിയ അംഗമാണ് പിടിയിലായത്. കേസിൽ നാല് സിപിഎം പ്രവർത്തകര്‍ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു .ചാവക്കാട് തിരുവത്ര സ്വദേശി മൊയ്തീനാണ് പിടിയിലായത്. ജം ഇയത്തുല്‍ ഹിസാനിയ എന്ന തീവ്രവാദ സംഘടനയിലെ അംഗമാണ് ഇയാള്‍. കേസില്‍ നേരത്തെ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. വിചാരണ കോടതി സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി പുനഃരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെയാണ് അക്രമിസംഘം വീട്ടില്‍ കയറി സുനിലിനെ വെട്ടികൊലപ്പെടുത്തുന്നത്. സുനിലിന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ ഗുരുവായൂര്‍ പൊലീസ് സി.പി.എം. പ്രവര്‍ത്തകരായ ബിജി, ബാബുരാജ്, ഹരിദാസ്, റഫീഖ് എന്നിവരെയുള്‍പ്പെടെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ സെഷന്‍സ് കോടതി ഇവരെ ജീവപരന്ത്യം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് യഥാര്‍ഥ പ്രതികള്‍ ഇവരല്ലെന്നും തീവ്രവാദ സംഘടനയായ ജം ഇയത്തുല്‍ ഹിസാനിയയാണ് കൊലപാതകത്തിന് പിന്നിലെന്നുമുള്ള സുചന ലഭിക്കുന്നത്.

അന്നത്തെ ഡിവൈഎസ്പി ടി.പി. സെന്‍കുമാറിന്റെ നേതൃത്വത്തിലുള്ള തീരദേശ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലായിരുന്നു ഈ വിവരം ലഭിക്കുന്നത്. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് സ്വദേശി രാജീവ് എന്നിവരെയും കൊല്ലങ്ങോട് താമി വധക്കേസുകളിലെ പ്രതികളെയും ജം ഇയത്തുല്‍ ഹിസാനിയ സംഘടനയിലെ ചിലരെയും പ്രത്യേക അന്വേഷണസംഘം പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സുനില്‍ വധത്തിന് പിന്നിലെ യഥാര്‍ഥ പ്രതികള്‍ പൊലീസ് പിടികൂടിയവരല്ലെന്ന് കണ്ടെത്തുന്നത്.

Top