തങ്കച്ചന് പറഞ്ഞത് പച്ചക്കളളമെന്ന് നാട്ടുകാര്‍; ജിഷയുടെ മാതാവ് തങ്കച്ചന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നു; അന്വേഷണം നീങ്ങുന്നത് ഉന്നതനെ ലക്ഷ്യംവച്ച്

കൊച്ചി: ജിഷയുടെ അമ്മ തങ്കച്ചന്റെ വിട്ടില്‍ ജോലിയ്ക്ക് നിന്നിട്ടില്ലെന്ന് വാദം പച്ചക്കള്ളമാണെന്ന് നാട്ടുകാര്‍. മുപ്പത് വര്‍ഷം മുമ്പ് ജിഷയുടെ അമ്മ തങ്കച്ചന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അതേ സമയം ജിഷയുടെ അമ്മയേയും സഹോദരിയേയും അജ്ഞാത കേന്ദ്രത്തില്‍ നിന്ന് ആരോ നിയന്ത്രിക്കുന്നതായി നാട്ടുകാര്‍ ആരോപിയ്ക്കുന്നു. തങ്കച്ചനെതിരെ ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ പരാതി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും കരുക്കള്‍ നീക്കിയതും ഇതേ ശക്തികളാണ്.

ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പിതാവിനും ഒക്കെ വേണ്ടി പരാതികള്‍ എഴുതിയും മറ്റും സഹായിക്കുന്ന അജ്ഞാതനെ കണ്ടെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകണമെന്നാണ് അന്വേഷണന സംഘം പറയുന്നത്. ജിഷയുടെ സഹായിയുടെ പരാതികള്‍ പല കൈപ്പടയില്‍ ആയതും അക്ഷരാഭ്യാസമില്ലാത്ത പിതാവിന്റെ പേരില്‍ ഇംഗ്ലീഷില്‍ പരാതി നല്‍കിയതും ഒക്കെയാണ് ഈ അജ്ഞാതനെ കണ്ടെത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.
അതേ സമയം ജിഷയുമായോ മാതാവ് രാജേശ്വരിയുമായോ യാതൊരു പരിചയും ഇല്ല എന്ന യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ വാദം ശരിയല്ലെന്ന സൂചനകളും പുറത്ത് വന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ തങ്കച്ചന്റെ മകളാണെന്നും സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ പ്രതികരണം വന്നത്.

ഇതിനിടെയാണു ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ ജിഷയുടെ പിതാവ് ബാബുവിന്റെ പേരിലും പരാതി നല്‍കിയത്. ഈ പരാതിയിലും തിരിമറി നടന്നിട്ടുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആശുപത്രിയില്‍ കിടക്കുന്ന ബാബുവിന്റേതെന്ന പേരില്‍ ഇംഗ്ലീഷിലാണു പരാതി തയ്യാറാക്കിയിരിക്കുന്നത്. ഈ പരാതി ഐ.ജി മഹിപാല്‍ യാദവിനാണു ലഭിച്ചത്. സംശയം തോന്നിയ ഐ.ജി. ബാബുവിന്റെ കൈപ്പടയില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതേതുടര്‍ന്ന് പരാതി വീണ്ടും നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറും പൊലീസുകാരനും പണം നല്‍കി വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചെന്നാണു കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ ബാബു വെളിപ്പെടുത്തിയത്. മെമ്പര്‍ സുനിലും കുറുപ്പംപടി സ്‌റ്റേഷനിലെ പൊലീസുകാരന്‍ വിനോദും ഒരുമിച്ചാണ് തന്നെ കണ്ടതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പരാതി നല്‍കിയത് തന്റെ അറിവോടെയല്ലെന്നും ബാബു പറഞ്ഞു. പരാതിയെത്തുടര്‍ന്ന് പട്ടികജാതി/പട്ടികവകുപ്പ് നിയമപ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

‘നിങ്ങള്‍ എസ്.സി/എസ്.ടി വിഭാഗമല്ലേ. സര്‍ക്കാരില്‍നിന്നു ഭാര്യയ്ക്ക് വന്‍തുക ലഭിക്കും. തനിക്കും പണം കിട്ടണ്ടെ. പേപ്പറില്‍ ഒപ്പിട്ടാല്‍ അതിന് വഴിയൊരുക്കാം’ ഇങ്ങനെയാണു വാര്‍ഡ് മെമ്പര്‍ സുനില്‍ പറഞ്ഞതെന്ന് ജിഷയുടെ പിതാവ് പറയുന്നു. വെള്ളപേപ്പറില്‍ ഒപ്പിട്ടു വാങ്ങി 1000 രൂപയും നല്‍കിയെന്ന് ബാബു വ്യക്തമാക്കി.
ജിഷയുടെ സഹോദരി ദീപയെ കേസന്വേഷിക്കുന്ന പുതിയ സംഘം ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ഒരു മണിക്കൂര്‍ ഇവരില്‍നിന്നു വിവരശേഖരണം നടത്തി. ഇന്നും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ജിഷയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനും ചിതാഭസ്മം ഏറ്റുവാങ്ങുന്നതിനുമായി സഹോദരി ദീപ സമര്‍പ്പിച്ച അപേക്ഷകളിലും രണ്ടുവിധത്തിലാണ് കൈപ്പടയുള്ളത്. ഇക്കാര്യത്തിലും അന്വേഷണ സംഘം പരിശോധന നടത്തും.

പിതാവ് ബാബു സമീപത്തുതന്നെ താമസിക്കുന്ന വിവരം അറിയാമായിരുന്നിട്ടും സഹോദരി ദീപയെക്കൊണ്ട് മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള അപേക്ഷയില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നു. ദഹിപ്പിക്കുന്നതിനുള്ള സമയം വൈകിട്ട് അഞ്ചുമണി എന്നാണ് ദീപ ശ്മശാനത്തില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ രാത്രി എട്ടിനാണ് മൃതദേഹം ദഹിപ്പിച്ചത്. മതാചാരപ്രകാരം ജിഷയുടെ മൃതദേഹത്തില്‍ കര്‍മം ചെയ്യാനുള്ള അവസരംപോലും നിഷേധിച്ച് വളരെവേഗം ദഹിപ്പിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.
കൃത്യം നടന്ന ദിവസം വൈകിട്ട് അഞ്ചു മുതലുള്ള കാര്യങ്ങള്‍ ജിഷയുടെ മാതാവ് പറയുന്നത് അവ്യക്തമായാണ്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Top