പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായയി മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തപുരയ്ക്കലിന് എന്താണ് ബന്ധം? പിപി തങ്കച്ചന്റെ മകന് ജിഷയുമായി ബന്ധമുണ്ടെന്നുള്ള ആരോപണവുമായി രംഗത്തുവന്നയാളാണ് ജോമോന്‍. ഇതിനിടയില്‍ ജിഷയുടെ പിതാവിനെ ജോമോന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.
കുറച്ച് ദിവസമായി വീട്ടിലെത്താത്ത ജിഷയുടെ പിതാവ് പാപ്പുവിനെ തേടി പോലീസ് നടക്കുമ്പോള്‍ പാപ്പു ജോമോനൊപ്പമാണെന്നാണ് കേള്‍ക്കുന്നത്. ഒരു മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. കേസ് അന്വേഷിക്കുന്ന എഡിജിപി സന്ധ്യ ആവശ്യപ്പെട്ടാല്‍ പാപ്പുവിനെ ഹാജരാക്കുമെന്നും ജോമോന്‍ വ്യക്തമാക്കി. മകളുടെ പിതൃത്വം സംബന്ധിച്ച് മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തപുരയ്ക്കലിന്റെ ആരോപണത്തിനെതിരെ കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പാപ്പു ശ്രദ്ധയില്‍പ്പെടുന്നത്.
പെരുമ്പാവൂരിലെ യു ഡി എഫ് നേതാവാണ് ജിഷയുടെ പിതാവെന്നും സ്വത്ത് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ ജിഷയെ കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് ജോമോന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നത്. ദളിതനായ തനിക്കെതിരെയുള്ള ആരോപണം തന്റെ പിതൃത്വത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പാപ്പു പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കുറ്റുപ്പംപടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് നടപടികള്‍ പുരോഗമിക്കവേ ജോമോനെതിരെയുള്ള പരാതി തന്റെ അറിവോടെയല്ലെന്നും സമീപവാസിയായ അശമന്നൂര്‍ പഞ്ചായത്ത് മെമ്പര്‍ അനിലും പൊലീസുകാരനായ വിനോദും തന്നെ തെറ്റിദ്ധരിപ്പിച്ച് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തി പാപ്പു രംഗത്തെത്തിയതോടെ പൊലീസ് ഈ പരാതിയിന്മേലുള്ള നടപടികള്‍ മരവിപ്പിച്ചു. ഇതിനിടെ അവശനായ പാപ്പുവിനെ ചികത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ച് മാദ്ധ്യമങ്ങളെ കണ്ടപ്പോഴും ജോമോനെതിരെയുള്ള പരാതിയില്‍ താന്‍ കബളിപ്പിക്കപ്പെട്ടതായി പാപ്പു പറഞ്ഞിരുന്നു. ഇതിനു ശേഷം തിരുവനന്തപുരത്ത് ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമാണ് പാപ്പുവിനെ മാദ്ധ്യമങ്ങള്‍ കണ്ടത്. ഡി ജി പിക്ക് പരാതി സമര്‍പ്പിക്കാനെത്തിയപ്പോഴും മുഖ്യമന്ത്രിയെ കണ്ടപ്പോഴും പാപ്പുവിനൊപ്പം ജോമോനുമുണ്ടായിരുന്നു.
ഇതിനടുത്ത ദിവസങ്ങളിലോ പിന്നീടോ പാപ്പു നാട്ടിലെത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഏതാനും ദിവസം എറണാകുളം ഗവണ്‍മെന്റ് റസ്റ്റ് ഹൗസില്‍ ജോമോന്‍ മുറിയെടുത്ത് താമസിച്ചിരുന്നെന്നും ഈ ദിവസങ്ങളില്‍ പാപ്പുവും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇതിനുശേഷമാണ് ഡി ജി പിക്ക് പരാതി സമര്‍പ്പിക്കുന്നതിനായി ഇരുവരും തിരുവനന്തപുരത്തെത്തിയത്. നിലവിലെ സാഹചര്യത്തില്‍ പാപ്പുവിനെ സംരക്ഷിക്കുന്നത് ജോമോന്‍ പുത്തന്‍പുരയ്ക്കലാണെന്നാണ് പൊലീസിന്റെയും നാട്ടുകാരുടെയും അനുമാനം. തനിക്കെതിരെയുള്ള കേസില്‍ പാപ്പുവിന് മനംമാറ്റമുണ്ടാവുമോ എന്ന ഭയത്താലാവാം മദ്യപാനികൂടിയായ പാപ്പുവിനെ ജോമോന്‍ സംരക്ഷിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.