കൊച്ചി:ജിഷ വധക്കേസിൽ വിവാദം പതിവു പോലെ രാഷ്ട്രീയ നേതാക്കളെയും വെറുതെ വിട്ടില്ല. യു.ഡി.എഫ് ഭരണത്തിൽ നടന്ന കൊലപാതകത്തിൽ അന്നത്തെ യു.ഡി.എഫ് കൺവീനർ ആയിരുന്ന പി.പി.തങ്കച്ചനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു .പല്ലിനു വിടവുള്ള നേതാവിനെ ചുറ്റിപ്പറ്റി നിറംപിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറഞ്ഞുവന്നിരുന്നു . നാട്ടുകാരിലൊരാൾ നൽകിയ തെറ്റായ വിവരമാണു നേതാവിലേക്കുള്ള കഥകൾക്കു തുടക്കമിട്ടത്. സ്വത്തു തർക്കവും തൊട്ടടുത്ത പറമ്പിന്റെ ഉടമയും പ്രാദേശിക നേതാവുമായ ഒരാളുടെ മകൻ മൂന്നു ദിവസം മുൻപു നാട്ടിലെത്തിയതും കൊലപാതകത്തിനു തൊട്ടു പിറ്റേന്നു ബെംഗളൂരുവിലേക്കു നാടുവിട്ടതും പൊടിപ്പും തൊങ്ങലും വച്ച് പൊലീസുകാർക്ക് ഒരാൾ പറഞ്ഞു കൊടുത്തു.
സംസ്ഥാനത്തെ ഒരു പ്രധാന രാഷ്ട്രീയ നേതാവായ പി.പി.തങ്കച്ചന്റെ ബെനാമിയാണ് ഈ പ്രാദേശിക നേതാവെന്നും രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ജിഷയുടെ യുടെ അമ്മ ജോലിക്കു നിന്നതായും ഇയാൾ പൊലീസുകാരോടു പറഞ്ഞു. പ്രാദേശിക നേതാവും കൊല്ലപ്പെട്ട ജിഷയുടെ അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും അമ്മ ഇയാളെ കമ്പിപ്പാര കൊണ്ടു വയറ്റിൽ കുത്തിയിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇതിനുള്ള പ്രതികാരമാണ്, ജിഷയെ അടിവയറ്റിൽ കമ്പിപ്പാര കയറ്റിക്കൊന്നത് എന്നും ഇയാൾ പറഞ്ഞു.
അന്വേഷണം ആ വഴിക്കും തിരിഞ്ഞു. തർക്കം ശരിയാണെന്നു പൊലീസിനു വിവരം കിട്ടി. പ്രാദേശിക നേതാവിന്റെ മകന്റെ വിദേശത്തു നിന്നുള്ള മടക്കവും ബെഗളൂരു യാത്രയുമൊക്കെ ശരിയാണെന്നും കണ്ടെത്തി. തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു ഇത്. തുടർന്നു ജിഷയുടെ യുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണു കഥ പൊളിഞ്ഞത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചയാളുടെ പിതാവുമായാണു വിദ്യാർഥിനിയുടെ അമ്മ തർക്കത്തിലേർപ്പെട്ടതും കമ്പിപ്പാര കൊണ്ടു വിദ്യാർഥിനി കുത്താനോങ്ങിയതും. ഇയാളെയും ഒഴിവാക്കി, രണ്ടാഴ്ച കഴിഞ്ഞ ശേഷമാണു രാഷ്ട്രീയ നേതാവിനെ ലക്ഷ്യമിട്ട് വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത്. കഷ്ടകാലത്തിന്, ആരോപണവിധേയനായ രാഷ്ട്രീയ നേതാവിന് പല്ലിനു വിടവുണ്ടായിരുന്നു. ജിഷയുടെ അമ്മ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ കൂലിപ്പണിക്കു പോയതും സത്യമായിരുന്നു.
ഒളിഞ്ഞു നോട്ടക്കാരനും
സ്ത്രീകളുടെ മുറികളിലേക്കും മറ്റും ഒളിഞ്ഞു നോക്കുന്ന ഒരു ബസ് ജീവനക്കാരനാണു പിന്നീടു സംശയത്തിന്റെ നിഴലിലായത്. വിദ്യാർഥിനിയുടെ വീടിനടുത്താണു താമസം. വിദ്യാർഥിനിയെ പരിചയമുണ്ട്. ഇയാളുടെ ഒളിഞ്ഞുനോട്ടം കാരണം ഒരു പെൺകുട്ടി ജീവനൊടുക്കിയതായും ആരോപണമുണ്ടായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതറിഞ്ഞപ്പോൾ, ബസ് പാതിവഴിയിലിട്ട് ഇയാൾ ഓടിയത് സംശയം ബലപ്പെടുത്തി. പിന്നീട് പൊലീസ് പിടികൂടി ചോദ്യം ചെയ്തു തുടങ്ങി. ഇയാളുടെ ദേഹത്തു ചില്ലറ പരുക്കുകളുമുണ്ടായിരുന്നു. നേരത്തെ കേസിൽപ്പെട്ട് ജയിലിലായിരുന്നു. ഇവിടെയും ഡിഎൻഎ ടെസ്റ്റ് പൊലീസിന്റെ തുണയ്ക്കെത്തി.
മുഖം മറച്ച് എത്തിച്ചതു പൊലീസുകാരനെയോ?
ചോദ്യം ചെയ്യുന്ന സ്ഥലത്തേക്കു പൊലീസുകാരനെ മുഖം മറച്ച് എത്തിച്ചുവെന്ന ആരോപണവും ഇതിനിടെ ഉയർന്നു. ഇതും ദിവസങ്ങൾ നീണ്ട വിവാദത്തിനു തിരി കൊളുത്തി. ആരായിരുന്നു ഇയാൾ? വിദ്യാർഥിനി നേരത്തെ നൃത്തം അഭ്യസിപ്പിച്ചിരുന്ന ഒരാളെയും സംശയത്തെ തുടർന്നു പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദ്യാർഥിനിയുടെ ഫോൺ വിളികളിൽ, ഏറ്റവുമൊടുവിൽ വിളിച്ചയാളെന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്ന വഴി, ഇയാൾ തന്നെയാണു സ്വന്തം ബനിയൻ ഊരി മുഖം മറച്ചത്.