കൊച്ചി:ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും പൊലീസ് കസ്റ്റഡിയിലാണെന്നും അവരോട് സംസാരിക്കാനോ കൂട്ടിരിക്കാനോ അടുത്ത ബന്ധുക്കള്‍ക്ക് പോലും അനുമതിയില്ലെന്നും അനുവദിക്കുന്നില്ലെന്നും ആക്ഷേപം. പോലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുകയാണെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജിഷയുടെ അമ്മായി ലൈല ആരോപിച്ചു.
പൊലീസ് എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളിയുമായോ മറ്റാരെങ്കിലുമായോ ദീപക്ക് ബന്ധമുള്ളതായി സംശയിക്കുന്നില്ല. ദീപക്കെതിരെ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമക്കുകയാണ് പൊലീസ്. മാധ്യമങ്ങളോട് സംസാരിക്കുവാനോ ഫോണില്‍ ആരെയെങ്കിലും ബന്ധപ്പെടാനോ അനുവദിക്കുന്നില്ല. ദീപയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പൊലീസിന്‍റെ അനാസ്ഥ മൂലമാണ് പ്രതിയെ പിടിക്കാന്‍ കഴിയാത്തത്. ജിഷ കൊല്ലപ്പെട്ട് നാല് ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ജിഷയും അമ്മയും രണ്ട് തവണ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് തന്നോട് പെരുമാറിയതെന്നും ലൈല ആരോപിച്ചു.
ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അമ്മ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലാണ്. പനി മൂലം സഹോദരി ദീപയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജേശ്വരിയെ പരിചരിക്കാനായി ലൈലക്ക് കളക്ടര്‍ അനുവാദം നല്‍കിയിരുന്നതുമാണ്. എന്നാല്‍ ഇന്നലെ അകാരണമായി ലൈലയെ ആശുപത്രിയില്‍ നിന്നും പൊലീസ് ഇറക്കിവിടുകയായിരുന്നു.