ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി വേട്ട അടിയന്തിരാവസ്ഥക്ക് തുല്യമെന്ന് സീതാറാം യെച്ചൂരി,കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധവുമായി ഇടതുപക്ഷം.

ന്യൂഡല്‍ഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍(ജെഎന്‍യു) ബിജെപിയുടെയും എബിവിപിയുടെയും നിര്‍ദേശപ്രകാരം പൊലീസ് വേട്ട. കാമ്ബസില്‍ പൊലീസിനെ വിന്യസിപ്പിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണ്. ഹോസ്റ്റലുകള്‍ റെയ്ഡ് ചെയ്ത് വിദ്യാര്‍ഥിനേതാക്കളെ അറസ്റ്റുചെയ്യുന്നു. അടിയന്തരാവസ്ഥയില്‍ ജെഎന്‍യുവില്‍ പൊലീസ് നടത്തിയ അതിക്രമത്തിനു സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ഒരു സംഘടനയുടെ നേതൃത്വത്തില്‍ അഫ്സല്‍ ഗുരു അനുസ്മരണം സംഘടിച്ചിരുന്നു. കുറച്ച്‌ വിദ്യാര്‍ഥികള്‍ മാത്രമാണ് ഇതില്‍ പങ്കെടുത്തത്. ഇതിന്റെ പേരില്‍ ബിജെപി എംപി മഹേഷ് ഗിരിയും എബിവിപിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കാമ്ബസില്‍ കടന്നിരിക്കുന്നത്.

വാറന്റില്ലാതെയാണ് പൊലീസ് ഹോസ്റ്റലുകളില്‍ തെരച്ചില്‍ നടത്തുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് പൊലീസ് അറസ്റ്റുചെയ്യുന്നത്. എബിവിപി നേതാക്കള്‍ കൊടുത്ത പട്ടികപ്രകാരമാണ് പൊലീസ് വിദ്യാര്‍ഥികളെ പിടികൂടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാമ്ബസില്‍ പൊലീസ് പ്രവേശിച്ചതും വിദ്യാര്‍ഥികളെ വിവേചനരഹിതമായി അറസ്റ്റുചെയ്യുന്നതും അടിയന്തരാവസ്ഥയില്‍ സംഭവിച്ചതിനു സമാനമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കാമ്ബസില്‍നിന്ന് ഇടതുപക്ഷ, പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനങ്ങളുടെ നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത പൊലീസ് നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. അരനൂറ്റാണ്ടായി, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുകയും ദേശവിരുദ്ധ ശക്തികളെ ചെറുക്കുകയും ചെയ്ത പാരമ്ബര്യമാണ് ജെഎന്‍യുവിലെ വിദ്യാര്‍ഥിപ്രസ്ഥാനത്തിനുള്ളത്.

ഇപ്പോള്‍ ജെഎന്‍യുവിലെ ഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും അഭിപ്രായം പ്രതിഫലിക്കാത്ത ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ജനാധിപത്യ, പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ നഗ്നമായ ശ്രമം നടത്തുകയാണ്. ആര്‍എസ്‌എസിന്റെയും അവരുടെ കൂടാരത്തിലുള്ളവരുടെയും ആസൂത്രിത പദ്ധതിയുടെ ഭാഗമായാണിത്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ഉയരുന്ന എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താന്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയില്‍ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും.

അറസ്റ്റിലായ വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കുകയും സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുകയും ചെയ്യണം. ഡല്‍ഹി പൊലീസിന്റെ അനാവശ്യവും നിയമവിരുദ്ധവുമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ഇടപെടണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ജെഎന്‍യു കാമ്ബസില്‍നിന്ന് ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനകളുടെ നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തതില്‍ സിപിഎ കേന്ദ്രസെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. ചിലര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ആദ്യം പൊലീസ് നിജസ്ഥിതി അന്വേഷിക്കണം. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

Top