ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന ജെ.എന്‍.യു.വിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ കീഴടങ്ങിയത് ഇന്നലെ അര്‍ദ്ധരാത്രിയോടെ. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഡി.എസ്.യു. നേതാവ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരാണ് ചൊവ്വാഴ്ച അര്‍ധരാത്രി വസന്ത് കുഞ്ജ് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്.
ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.11.30ന് ജെ.എന്‍.യു.വില്‍ നിന്നിറങ്ങിയ ഇവര്‍ 11.50ന് പൊലീസ് സ്റ്റേഷനിലെത്തി. പുലര്‍ച്ചെ 12.30ഓടെ ഇവരെ വസന്ത് വിഹാര്‍ സ്റ്റേഷനില്‍ എത്തിച്ചു. അര്‍ധരാത്രിയോടെ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തിലാണ് ഇവര്‍ കാമ്പസിന് വെളിയിലെത്തിയത്. പുറത്തെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഭിഭാഷകരും അദ്ധ്യാപകരുമുണ്ടായിരുന്നു. പൊലീസ് ഇരുവരെയും എവിടേക്കാണു കൊണ്ടുപോയതെന്നു വെളിപ്പെടുത്തിയിട്ടില്ല. ബുധനാഴ്ച ഇവരെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബസ്സി പറഞ്ഞു.
കീഴടങ്ങാന്‍ സംരക്ഷണമാവശ്യപ്പെട്ട് ഇവര്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കീഴടങ്ങുകയോ അറസ്റ്റ് വരിക്കുകയോ ചെയ്യണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇവരെക്കൂടാതെ അശുതോഷ് കുമാര്‍, രാമ നാഗ, ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവര്‍ ജെ.എന്‍.യു. കാമ്പസില്‍ തങ്ങുകയാണ്. കാമ്പസിലേക്ക് കയറാന്‍ ജെ.എന്‍.യു. വി സി. പൊലീസിന് അനുമതി നല്‍കാത്തതാണ് അറസ്റ്റിന് തടസ്സമായി നിന്നിരുന്നത്. വിദ്യാര്‍ത്ഥികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അടിയന്തരമായി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ടുപേര്‍ കീഴടങ്ങിയിരിക്കുന്നത്.
ജീവനു ഭീഷണിയുണ്ടെന്നും ക്യാംപസില്‍നിന്നു സുരക്ഷിതമായി കോടതിയിലെത്താന്‍ അനുമതി വേണമെന്നും വ്യക്തമാക്കി ഉമറും അനിര്‍ബനും നല്‍കിയ അപേക്ഷ പരിഗണിച്ചാണു ഹൈക്കോടതി, പൊലീസിനു കീഴടങ്ങാന്‍ നിര്‍ദേശിച്ചത്. അപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും. കനയ്യയ്ക്കും മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നേരെ പട്യാല ഹൗസ് കോടതി വളപ്പില്‍ ആക്രമണമുണ്ടായതു ചൂണ്ടിക്കാട്ടിയാണു വിദ്യാര്‍ത്ഥികളുടെ അഭിഭാഷക കാമിനി ജയ്‌സ്വാള്‍ കോടതിയെ സമീപിച്ചത്.
ഡല്‍ഹി സര്‍ക്കാരിന്റെയും പൊലീസിന്റെയും അഭിഭാഷകര്‍ക്കും വാദിക്കാന്‍ അവസരമനുവദിച്ചില്ല. എന്നാല്‍, ഹര്‍ജിക്കാരുടെ അഭിഭാഷക ഉന്നയിച്ച വാദങ്ങളെ കോടതിയിലുണ്ടായിരുന്ന ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ പ്രേം നാഥ് എതിര്‍ത്തു. തുടര്‍ന്ന്, പൊലീസ് ഉദ്യോഗസ്ഥനെയും അഭിഭാഷകരെയും ചേംബറിലേക്കു വിളിപ്പിച്ചു.
കേസ് ഇന്നു വിശദമായി പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. ഇടക്കാലത്തേക്കു സംരക്ഷണം വേണമെന്ന് അഭിഭാഷക ആവശ്യപ്പെട്ടപ്പോള്‍ കോടതി മറുപടി നല്‍കിയില്ല. റിമാന്‍ഡ് ചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പൊലീസ് റിമാന്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിചാരണക്കോടതി പരിഗണിക്കുമെന്നും അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം അവിടെ ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.
നേരത്തെ, ഉമര്‍ ഉള്‍പ്പെടെ അഞ്ചു വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് ആവശ്യപ്പെട്ടു വിഭോര്‍ ആനന്ദ് എന്ന നിയമവിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിവില്‍ റിട്ട് ഹര്‍ജിയെന്ന പേരില്‍ നല്‍കിയതാണെങ്കിലും കോടതി പരിഗണിച്ചപ്പോള്‍ ക്രിമിനല്‍ പൊതു താല്‍പര്യ ഹര്‍ജിയെന്നാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകര്‍ വ്യക്തമാക്കിയത്. തുടര്‍ന്ന്, പിഴവു തിരുത്താനെന്നോണം ഹര്‍ജി തള്ളുന്നതായി ജസ്റ്റിസ് മന്മോഹന്‍ വ്യക്തമാക്കി.
കനയ്യയുടെ ജാമ്യ ഹര്‍ജി പരിഗണിച്ചയുടനെ, സ്ഥിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോയെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു കോടതി ചോദിച്ചു. റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ തുടര്‍ നടപടികളുമില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റപത്രം നല്‍കുന്നതിനുമുന്‍പുള്ള ജാമ്യാപേക്ഷയായതിനാല്‍ കുറ്റാരോപിതനെ കാണിക്കാനാവില്ലെന്നും രഹസ്യരേഖയായി ലഭ്യമാക്കാമെന്നും മേത്ത പറഞ്ഞു. രഹസ്യരേഖയായി വേണ്ടെന്നും ഇന്നുതന്നെ നല്‍കേണ്ട റിപ്പോര്‍ട്ടില്‍ ജാമ്യാപേക്ഷ വരെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ മതിയെന്നും കോടതി പറഞ്ഞിരുന്നു.