കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധിയുടെ മകൾ. പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്രയും യാത്രയിൽ പങ്കെടുത്തു. നൂറുകണക്കിന് സ്ത്രീകളാണ് യാത്രയിൽ അണിചേർന്നത്. സ്ത്രീശാക്തീകരണം മുദ്രാവാക്യമുയർത്തിയായിരുന്നു യാത്ര. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ബാബായിയിലെ തേജജി മഹാരാജ് മാണ്ഡിയിൽ നിന്ന് രാവിലെ 6 മണിയോടെയാണ് യാത്ര ആരംഭിച്ചത്.
കോട്ട-ലാൽസോട്ട് മെഗാ ഹൈവേയിൽ രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാർട്ടി പ്രവർത്തകരും സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ബാബായിയിൽ നിന്ന് പിപൽവാഡയിലേക്കാണ് യാത്ര നടത്തിയത്. യാത്ര 96ാം ദിവസമാണ് പിന്നിടുന്നത്. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന നേതാവ് പാര്‍ട്ടി വിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ റിജു ജുന്‍ജുന്‍വാലയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജ്മേറിലെ സ്ഥാനാര്‍ഥിയായിരുന്നു റിജു.