വാഷിങ്ടൻ: പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയില്‍ ഇനി ജോ ബെെഡന്‍ അധികാരത്തിൽ കേവല ഭൂരിപക്ഷം പിന്നിട്ടതോടെ അമേരിക്കയുടെ നാൽപ്പത്തിയാറാം പ്രസിഡന്റായി ജോ ബെെഡൻ തെരഞ്ഞെടുക്കപ്പെട്ടത്. പെൻസിൽവേനിയയിൽ നാടകീയ ജയം നേടിയതോടെയാണ് ബൈഡന് 270 എന്ന മാന്ത്രിക സംഖ്യ മറികടക്കാനായത്. ചാഞ്ചാടി നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 290 വോട്ടുകളെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ് സമയം ഉച്ചയ്ക്ക് 11.30ഓടെയാണ് പെൻസിൽവേനിയ ബൈഡനൊപ്പമെന്ന നിർണായക റിപ്പോർട്ട് പുറത്തുവന്നത്. അതോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുനില 284. ഉച്ചയ്ക്ക് 12.45ഓടെ നെവാഡയിലും ബൈഡൻ വിജയിച്ചതായി വാർത്താ ഏജൻസി എപി പ്രഖ്യാപിച്ചു–വോട്ടുനില 290ലേക്ക് ഉയർന്നു. സ്വിങ് സ്റ്റേറ്റായ ജോർജിയയിലും നിലവിൽ ബൈഡനാണ് മുന്നിൽ. ഇതോടെ കഷ്ടിച്ചല്ലാതെ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ച് ബൈഡൻ ഇനിയുള്ള നാലു വർഷക്കാലം യുഎസിന്റെ നായകത്വം വഹിക്കുമെന്ന് ഉറപ്പായി.
214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന് ഇതുവരെ ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനും പ്രചാരണത്തിനും ഒരുങ്ങുകയാണ് ട്രംപ്.
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ. 1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗവുമായിരുന്നു. നിയമ ബിരുദധാരിയായ ബൈഡൻ യുഎസിന്റെ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസ്സായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ. നാലു മക്കളുണ്ട്. ബൈഡന്റെ ജന്മനാടാണ് പെൻസിൽവേനിയയിലെ സ്ക്രാൻടൻ. ലോകം കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലത്തിനും അദ്ദേഹത്തിനു തുണയായത് ജന്മനാടിന്റെ വിധിയെഴുത്ത്.
ജനകീയ വോട്ടുകളിൽ മുന്നിലെത്തിയിട്ടും 2016ൽ ജയിക്കാതെ പോയ ഹിലറി ക്ലിന്റന്റെ വിധിയും ഇത്തവണ ബൈഡനുണ്ടായില്ല. നവംബര്‍ 7 വരെയുള്ള കണക്ക് പ്രകാരം 7.48 കോടി വോട്ടുകളാണ് ബൈഡനു ലഭിച്ചത്. ട്രംപിനാകട്ടെ 7.05 കോടി വോട്ടുകളും. നവംബർ മൂന്നിനു നടന്ന പ്രധാന തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടെണ്ണിയപ്പോൾ യുഎസിലെ ആകെയുള്ള 50 സ്റ്റേറ്റുകളിൽ ഭൂരിപക്ഷവും വിജയികളെപ്പറ്റി വ്യക്തമായ സൂചന നൽകിയിരുന്നു. 29 വോട്ടുകളുള്ള ഫ്ലോറിഡയിൽ വിജയിച്ചതോടെ ട്രംപ് ക്യാംപുകളിൽ ആഹ്ലാദാരവവും ഉയർന്നു.
എന്നാൽ ഫ്ലോറിഡ പിടിക്കുന്നവർ പ്രസിഡന്റാകുമെന്ന ‘പരമ്പരാഗത വിശ്വാസത്തിനാണ്’ ബൈഡന്റെ വിജയത്തോടെ താൽക്കാലിക വിരാമമായിരിക്കുന്നത്. ഇക്കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫ്ലോറിഡയിൽനിന്നു ജയിച്ചവരെല്ലാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്–1992ൽ ഒഴികെ. അന്ന് ഡമോക്രാറ്റിക് സ്ഥാനാർഥി ബിൽ ക്ലിന്റൻ ഫ്ലോറിഡയിൽ ജോർജ് ഡബ്ല്യു. ബുഷിനോടു തോറ്റെങ്കിലും പ്രസിഡന്റ് സ്ഥാനത്തെത്തി. ഇത്തവണയും ചരിത്രം ബൈഡനിലൂടെ ആവർത്തിക്കുകയാണ്.