കോട്ടയം :ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചെടുത്ത തീരുമാനം അല്ലെന്ന് ഉമ്മൻചാണ്ടി.യുഡിഎഫ് എടുത്ത ധാരണ ജോസ് കെ മാണി പാലിച്ചില്ല. അത് പാലിക്കാനുള്ള ബാധ്യത ജോസിനുണ്ട്. അതിൽ പല തവണ ചർച്ചകൾ നടന്നിട്ടും ഫലമുണ്ടായില്ല.
ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്. രണ്ടു കൂട്ടരെയും ഒന്നിച്ച് നിർത്താനാണ് ശ്രമിച്ചത്. ധാരണ നടപ്പാക്കിയാൽ എല്ലാം സുഗമമായി മുന്നോട്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എന്നാൽ കോൺഗ്രസിലെ അധികാര തർക്കമാണ് ഇപ്പോഴുണ്ടായ പുറത്താക്കൽ നടപടി .ഉമ്മൻ ചാണ്ടി പോലും അറിയാതെ ബെന്നി ബെഹനാനെ വെച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കമായിരുന്നു ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയത് എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .തുടക്കം മുതല്‍ തന്നെ ജോസ് പക്ഷത്തോട് രമേശ് ചെന്നിത്തലയ്ക്ക് അത്ര പ്രിയമില്ല. ജോസ് കെ. മാണിക്ക് തിരിച്ചും അതേ നിലപാടാണ്. കെ.എം. മാണിയെ ബാര്‍കോഴ കേസില്‍ കുടുക്കിയത് രമേശ് ചെന്നിത്തലയാണെന്ന നിലപാടാണ് ജോസ് കെ. മാണിക്കുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് വിടാന്‍ കെ.എം. മാണി തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ. മാണി നടത്തിയ ശക്തമായ സമ്മര്‍ദ്ദം കൊണ്ടുതന്നെയായിരുന്നു. മാത്രമല്ല, യു.പി.എയുടെ ഘടകകക്ഷിയായിരുന്നിട്ടും ജോസ് കെ. മാണിക്ക് കേന്ദ്രത്തില്‍ വേണ്ട സ്ഥാനങ്ങള്‍ നല്‍കിയില്ലെന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചിട്ടുണ്ട്.മുനീറിന്റെ പിന്തുണയോടെ ചെന്നിത്തല പൊളിച്ചത് ഉമ്മന്‍ചാണ്ടി- കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിന്റെ നീക്കം ആയിരുന്നു .