തിരുവനന്തപുരം:മാണി ഗ്രൂപ്പില്‍ ജോസ് കെ മാണി അനിക്ഷേധ്യനായി മാറുന്നു.ഇപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിലുള്‍പ്പെടെ നടന്നത് ജോസ് കെ. മാണിയുടെ തീരുമാനം നടപ്പാക്കലാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും. ഈ ഘട്ടത്തില്‍ തങ്ങളുടെ എതിരഭിപ്രായം ജോസഫ് പ്രകടിപ്പിച്ചെങ്കിലും അതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ട് ചെയ്യാന്‍ കഴിയില്ല. പാര്‍ട്ടിയില്‍ എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും ജോസ് കെ. മാണിയുടെ നിലപാടുകള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം. ചരല്‍കുന്ന് ക്യാമ്പില്‍ വച്ച് യു.ഡി.എഫ് ബന്ധം വിചേ്ഛദിക്കാന്‍ മാണിഗ്രൂപ്പ് തീരുമാനിച്ചതോടെ പാര്‍ട്ടിയില്‍ ജോസ് കെ. മാണി ചോദ്യം ചെയ്യാനാകാത്ത അനിഷേധ്യശക്തിയായി മാറിയിട്ടുമുണ്ട്. ജോസഫ് ഗ്രൂപ്പിനെ ഉപയോഗിച്ച് ഇതിനെതിരെ കലാപം പാര്‍ട്ടിയില്‍ ഉയര്‍ത്തിവിടാന്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടെങ്കിലും അത് ഫലം കാണാന്‍ പോകുന്നില്ലെന്നാണ് മാണി ഗ്രൂപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചരല്‍കുന്ന് ക്യാമ്പില്‍ യു.ഡി.എഫുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതുതന്നെ ജോസ് കെ. മാണിയുടെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്ന് ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അതിന് അനുകൂല നിലപാട് സ്വീകരിച്ചതാണ് ഇപ്പോള്‍ ജോസഫ് ഗ്രൂപ്പിനും മറ്റും വിനയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ പാര്‍ട്ടിയുമായി ഇടയേണ്ടതില്ലെന്ന നിലപാടിനെത്തുടര്‍ന്നാണ് അന്ന് ജോസഫും കൂട്ടരും അതിന് വഴങ്ങിയത്. അതോടെ പാര്‍ട്ടിയില്‍ ജോസഫ് ഗ്രൂപ്പ് ദുര്‍ബലമാകുകയായിരുന്നു.ഇപ്പോള്‍ കോട്ടയം ജില്ലാ പഞ്ചായത്തിലുള്‍പ്പെടെ നടന്നത് ജോസ് കെ. മാണിയുടെ തീരുമാനം നടപ്പാക്കലാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നതും. ഈ ഘട്ടത്തില്‍ തങ്ങളുടെ എതിരഭിപ്രായം ജോസഫ് പ്രകടിപ്പിച്ചെങ്കിലും അതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്നാണ് ജോസ് കെ. മാണിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.
പാര്‍ട്ടിക്കുള്ളില്‍ ഒരു കലാപമുണ്ടാക്കി പുറത്തുപോകാന്‍ ഇപ്പോള്‍ ജോസഫിനും കൂട്ടര്‍ക്കുമാവില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആകെ ഒരു വര്‍ഷം മാത്രമാണ് ആകുന്നത്. ഇപ്പോള്‍ ഒരു കലാപമുണ്ടാക്കി പാര്‍ട്ടിക്ക് പുറത്തുപോയാല്‍ ജോസഫ് ഗ്രൂപ്പിലെ അംഗങ്ങള്‍ നിയമസഭാംഗത്വം രാജിവയ്‌ക്കേണ്ടിവരും. അല്ലെങ്കില്‍ അവര്‍ അയോഗ്യരാകും. അങ്ങനെ വന്നാല്‍ മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ അവര്‍ നിര്‍ബന്ധിതരാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പറ്റിയ അവസ്ഥയിലല്ല, ജോസഫ് വിഭാഗം. അതുകൊണ്ട് അവര്‍ക്ക് പാര്‍ട്ടിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ദുഃസ്ഥിതിയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് എതിരഭിപ്രായം പറയുകയെന്നല്ലാതെ മറ്റൊന്നിനും കഴിയില്ല.കത്തോലിക്ക സഭയുടെകൂടി താല്‍പര്യപ്രകാരമാണ് ജോസഫ് മാണിയുമായി ലയിച്ചത്. അതുകൊണ്ട് സഭയുടെ അനുമതിയില്ലാതെ ജോസഫിന് പാര്‍ട്ടിക്ക് പുറത്തുവരാനും കഴിയില്ല.
കോട്ടയത്ത് നടന്ന സംഭവങ്ങള്‍ വെറും രാഷ്ട്രീയം മാത്രമായി കാണാനുമാവില്ല. ഇടതുമുന്നണിയുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി കത്തോലിക്ക സഭയ്ക്കുണ്ടായിരുന്ന എതിര്‍പ്പ് നീങ്ങുന്നുവെന്നതിന്റെ സൂചനകൂടിയാണിത്. ഈ സാഹചര്യമാണ് ജോസ് കെ. മാണിയും കൂട്ടരും മുതലാക്കുന്നത്. മാത്രമല്ല,, ഇതിനിടയില്‍ കൂടി പാര്‍ട്ടിയെ വീണ്ടും പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന പ്രചരണത്തിലൂടെ ഒരു കോണ്‍ഗ്രസ് വിരുദ്ധ വികാരം വളര്‍ത്തിയെടുക്കാനും ജോസ് കെ. മാണിക്ക് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ തങ്ങളെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒരു കോണ്‍ഗ്രസ് വിരുദ്ധപൊതുവികാരം ഉണ്ടാക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ നിലയില്‍ കോണ്‍ഗ്രസിന് ഒരു കരകയറല്‍ സാദ്ധ്യമല്ലെന്ന ചിന്തയാണ് പൊതുവേ ജോസ് കെ. മാണിക്കും കൂട്ടര്‍ക്കുമുള്ളത്. എന്തായാലും കേന്ദ്രത്തില്‍ ബി.ജെ.പി വിരുദ്ധ നിലപാടിന്റെ ഭാഗമായി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൈകോര്‍ക്കും. അതുകൊണ്ട് അവിടെ അധികാരത്തില്‍ വന്നാലും ഇവിടെ ഇടതുമുന്നണിയിലാണെങ്കിലും പ്രശ്‌നം വരില്ല. അതേസമയം ഇനി ഇവിടെ പാര്‍ട്ടിയുടെ ഭാവി ഇടതുമുന്നണിയില്‍ നിന്നാലാണെന്ന വിലയിരുത്തലിലാണ് ജോസ് കെ. മാണി. മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ അദ്ദേഹമായിരിക്കും സംസ്ഥാന നിയമസഭയില്‍ പാര്‍ട്ടിയുടെ ലീഡര്‍ എന്നതും ഏകദേശം വ്യക്തമായിട്ടുണ്ട്.