
തിരുവനന്തപുരം: രാജ്യത്ത് കോൺഗ്രസ് നശിച്ചു ഇല്ലാതായിക്കൊണ്ടിരിക്കയാണ് .ഇനി അല്പമെങ്കിലും ഉള്ളത് കേരളത്തിൽ ആണ്.അടുത്ത തിരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോൺഗ്രസ് ഇല്ലാതാകും. യുഡിഎഫ് മുന്നണിയിലെ നിന്നും ജോസ് കെ മാണി പുറത്ത് പോയതോടുകൂടി യുഡിഎഫ് അടിത്തറയും തകർന്നു.കേരളത്തിൽ നിന്നും രാജ്യസഭയിലും കോൺഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞിരിക്കയാണ്. കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണി എം.പി സ്ഥാനം രാജിവച്ചതോടെ ഘടകകക്ഷികൾക്കു നൽകിയ രണ്ടാമത്തെ സീറ്റാണ് കോൺഗ്രസിനു നഷ്ടമായത്. ജോസ് കെ മാണിയുടേത് കൂടാതെ ഏപ്രിലിൽ മൂന്ന് ഒഴിവുകൾ കൂടി രാജ്യസഭയിലുണ്ടാകും. ഈ നാലു സീറ്റികളിലേക്കും നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വോട്ടെടുപ്പ് നടന്നാൽ രാജ്യസഭയിലെ കോൺഗ്രസ് പ്രാതിനിധ്യം ഒന്നായി ചുരുങ്ങും.യു.ഡി.എഫ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ ഘടകകക്ഷി അംഗങ്ങൾ രാജിവച്ചൊഴിയുന്നത് കോൺഗ്രസിന്റെ കേരളത്തിൽ നിന്നുള്ള രാജ്യസഭാ പ്രാതിനിധ്യം കുറയ്ക്കുന്നു.
കേരളത്തിന്റെ പ്രതിനിധികളായി രാജ്യസഭയിൽ ഒൻപത് അംഗങ്ങളാണുള്ളത്. എ.കെ ആന്റണി, വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ്, എളമരം കരീം, ശ്രേയാംസ് കുമാർ എന്നിവരാണ് നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ. ഇതിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. വയലാർ രവി, കെ.കെ. രാഗേഷ്, പി.വി.അബ്ദുൽ വഹാബ് എന്നിവർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കും. ഈ നിയമസഭയുടെ കാലത്തു തന്നെ ഈ മൂന്ന് ഒഴിവുകൾ കൂടി നികത്തിയാൽ രണ്ട് സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായാൽ അത് നിയമസഭയിലെ അംഗബലത്തെ ആശ്രയിച്ചിരിക്കും.
ഇടതു മുന്നണി പ്രവേശനത്തിനു പിന്നാലെയാണ് ജോസ് കെ. മാണി യു.ഡി.എഫിലായിരുന്നപ്പോൾ ലഭിച്ച രാജ്യസഭാ എം.പി സ്ഥാനം രാജിവയ്ക്കുന്നത്. നേരത്തെ പാർലമെന്റ് അംഗത്വം രാജിവച്ച ജോസിനെ കോൺഗ്രസ് തങ്ങളുടെ കൈവശമുണ്ടായിരുന്ന സീറ്റിലാണ് രാജ്യസഭയിലേക്ക് അയച്ചത്. ഇതിനു മുൻപ് സോഷ്യലിസ്റ്റ് ജനത നേതാവ് എം.പി വീരേന്ദ്രകുമാറിനും യു.ഡി.എഫ് രാജ്യസഭാ സീറ്റ് നൽകിയിരുന്നു. ഇദ്ദേഹവും ഇടതു മുന്നണിയിൽ ചേർന്നതിനു പിന്നാലെ ഈ സ്ഥാനം രാജിവച്ചു. ആ സീറ്റിലേക്ക് പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി വിജയിക്കുകയും ചെയ്തു.