തിരുവനന്തപുരം:കേരളം കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തായപോലെയാണ് .ഇടതുമുന്നണിയിലേക്ക് ആണെന്നുമാണ് സൂചന .മുന്നണിയിൽ എത്തുന്നതിനുമുമ്പ് അണികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന വലിയ കടമ്പ ജോസ് കെ മാണിക്കും കൂട്ടർക്കും ഉണ്ട് .അതേസമയം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനത്തിലുള്ള സി.പി.ഐ നിലപാട് രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച്, സ്ഥാനമാനങ്ങൾ രാജിവച്ചെത്തിയാൽ ജോസ് കെ. മാണിയെ സ്വീകരിക്കാൻ സി.പി.ഐ സമ്മതം മൂളിയേക്കും. സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും എക്സിക്യൂട്ടീവ് ചർച്ചചെയ്യും.
ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ചർച്ചയായ ആദ്യഘട്ടം മുതൽക്കെ കടുത്ത എതിർപ്പാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയത്. എന്നാൽ കാനത്തെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവുമായി ചർച്ച നടത്തി. അസ്വാരസ്യമുണ്ടാക്കി മുന്നണി വിപുലീകരണം ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം നേതാക്കൾ പരസ്യ നിലപാടെടുത്തു. സി.പി.എം നേതാക്കളുമായുള്ള ചർച്ചയ്ക്കു പിന്നാലെ കാനത്തിൻ്റെ നിലപാടിൽ അയവു വന്നതായാണ് സൂചന. എങ്കിലും ജോസ് കെ മാണിയെ കൂടെക്കൂട്ടാൻ സിപിഐ ചില നിബന്ധനകൾ മുന്നോട്ടു വച്ചേക്കും. രാജ്യസഭാ, ലോക്സഭാ അംഗത്വങ്ങൾ ഉൾപ്പെടെ യുഡിഎഫിനൊപ്പം നിന്ന് നേടിയതെല്ലാം രാജിവയ്ക്കണമെന്നതാകും അതിൽ പ്രധാനം.