ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.

ന്യുഡൽഹി : ജോസ് കെ.മാണി രാജ്യസഭ എം.പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേർന്ന സാഹചര്യത്തിലാണ് എം.പി സ്ഥാനം രാജിവച്ചത്. എം.പി സ്ഥാനം രാജിവച്ചതോടെ ജോസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.

അതേസമയം പാലാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ എന്‍.സി.പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പാലാ സീറ്റ് മാണി സി കാപ്പനില്‍ നിന്ന് മാറ്റി ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്നായിരുന്നു ഭീഷണി. അതേസമയം എന്‍.സി.പി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം.ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നൽകിയേക്കും. രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും.


യുഡിഎഫിന്‍റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കാത്തതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ജോസ് പക്ഷത്തിന് അനുകൂല വിധിയുണ്ടായി. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എംപി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സിപിഎം നിര്‍ദേശവും നിയമോപദേശവും കണക്കിലെടുത്താണ് പദവി ഒഴിയാന്‍ തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മല്‍സരിക്കാന്‍ ഇതോടെ കളമൊരുങ്ങി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി ജോസ് കെ മാണി ചര്‍ച്ച നടത്തിയിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ എല്‍ഡിഎഫ് നല്‍കിയേക്കും. സ്ഥാനാര്‍ഥി നിര്‍ണയം വൈകാതെയുണ്ടാകും. നിലവില്‍ ഉപതിരഞ്ഞെടുപ്പില്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ കഴിയും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് രാജ്യസഭാ ഉപതിരഞ്ഞെടുപ്പെങ്കില്‍ ഭരണത്തുടര്‍ച്ച നേടി സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. ഗുജറാത്തിനൊപ്പം കേരളത്തിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും. പാര്‍ട്ടി ചിഹ്നത്തിനായുള്ള പോരാട്ടത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് അനുകൂല തീര്‍പ്പുണ്ടായത് ജനപ്രതിധികളുടെ എണ്ണം ഉള്‍പ്പെടെ കണക്കിെലടുത്താണ്.

Top