ഹൈദരാബാദ്: കോളിളക്കം സൃഷ്ടിച്ച മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞ എൻഐഎ കോടതി ജഡ്ജി ജസ്റ്റീസ് രവീന്ദർ റെഡ്ഡി രാജിവച്ചതായി റിപ്പോർട്ട്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു വിധി പറഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി അവധിക്ക് അപേക്ഷ നൽകുകയും പിന്നീട് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു രാജി സമർപ്പിക്കുകയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണു റിപ്പോർട്ട്.
മക്ക മസ്ജിദ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു ഹൈദരാബാദ് എൻഐഎ കോടതിയാണു വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്. തെളിവില്ലെന്നും പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പതിനൊന്ന് വർഷങ്ങൾക്കു മുൻപ് ഹൈദരാബാദിലെ ചാർമിനാറിനടുത്തു മക്ക മസ്ജിദിൽ വെള്ളിയാഴ്ച നമസ്ക്കാരത്തിനിടെയാണു കേസിനാസ്പദമായ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒൻപതു പേർ മരിക്കുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് ലോക്കൽ പോലീസാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു.
ലഷ്കർ ഇ തോയ്ബ പോലുള്ള ഭീകര സംഘടനകളുടെ പങ്ക് ആദ്യം സംശയിച്ച സിബിഐ പിന്നീട് സ്വാമി അസീമാനന്ദയുടെ നേതൃത്വത്തിലുള്ള അഭിനവ് ഭാരത് എന്ന ഹിന്ദു തീവ്രവാദ സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്നു കണ്ടെത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.


