കൊച്ചി : സ്വർണക്കടത്ത് കേസ് അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് സംഘത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ചെയ്‌തു. കോടതിയുടേത് ഇടക്കാല ഉത്തരവാണ്. ഹർജിയിൽ വിശദമായ വാദം കേൾക്കും.അന്വേഷണത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജിയിലാണ് നടപടി.എൻഫോഴ്‌സ്‌മെന്റ് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയിൽ നാലും അഞ്ചും എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
സമാന്തര അന്വേഷണമാണ് നടക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ ഇത്തരത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. മുഖ്യമന്ത്രി സ്വന്തം പദവി ദുരുപയോഗം ചെയ്താണ് അന്വേഷണം പ്രഖ്യാപിച്ചത്. അതിനാൽ സർക്കാരിന്റെ ഹർജി നിയമപരമായി നിലനിൽക്കില്ല. സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.ഈ വാദങ്ങൾ പരിഗണിച്ചാണ് അന്വേഷണം കോടതി സ്‌റ്റേ ചെയ്തത്. സംഭവത്തിൽ സർക്കാരിന്റെ വാദം കേട്ട ശേഷമായിരിക്കും അന്തിമ വിധി.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മിഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷൻ നിയമന ഉത്തരവിറക്കിയത്. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്’. ആയതിനാൽ ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം , ജൂഡിഷ്യൽ കമ്മിഷന് എതിരായ ഇഡി ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇഡി കേന്ദ്ര സർക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സർക്കാരിന് എതിരെ ഹർജി നൽകാൻ കഴിയില്ലെന്നും സർക്കാർ കോടതിയിൽ നിലപാടെടുത്തു.