കൊച്ചി: ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ ബലാൽസംഗ കേസിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ബി കമാൽ പാഷ. കന്യാസ്ത്രീയുടെ പരാതിയിൽ, ആടിനെ ഇല കാണിച്ചു കൊണ്ടുപോകുന്നതു പോലെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടതി പരിഗണിക്കുന്നെന്ന പേരിൽ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇതുസംബന്ധിച്ചു നിരവധി സുപ്രീംകോടതി വിധികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണടച്ചു നീതി നടപ്പാക്കുക എന്നു പറഞ്ഞാൽ പുറമേ ഉള്ള കണ്ണ് അടയ്ക്കുമ്പോൾ അകക്കണ്ണ് തുറക്കണം. അല്ലാത്തപക്ഷം പാവങ്ങൾക്കു നീതി നിഷേധിക്കപ്പെടും.സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടിൽ എങ്ങനെ അവർ സുരക്ഷിതരാകും. ഇച്ഛാശക്തിയുള്ള സർക്കാരുള്ളിടത്തേ സ്ത്രീകൾക്കു സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാൻ ആരെയും അനുവദിക്കരുത്.സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണ്. സ്ത്രീക്കു നീതികിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിന് എല്ലാവരും ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കാതെ പോകുന്ന സ്ത്രീയുടെ കണ്ണീരൊപ്പാൻ നാം മുൻപന്തിയിൽ നിൽക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ മനുഷ്യനായി ജീവിക്കുന്നതിൽ ഒരർത്ഥവുമാലിലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമരം നടത്തുന്നവർക്കു പോലീസിൽ നിന്നു നീതി ലഭിക്കുമെന്നു പറയാനാവില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മാതാപിതാക്കൾ കന്യസ്തീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂർത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാൻ അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പിടിപാടുള്ളവർക്കും അന്യരുടെ പണമുള്ള മേലധ്യക്ഷൻമാർക്കും മുന്നിൽ നിയമം ഓച്ഛാനിച്ചു നിൽക്കുമെന്നും അദ്ദേഹം വിമർശിച്ചു.
ഇച്ഛാശക്തിയുള്ള സർക്കാരുള്ളിടത്തേ സ്ത്രീകൾക്കു സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകൾ നിലനിൽക്കുന്നതിനിടെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും.ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പോലീസ് രണ്ട് ദിവസമായി ചോദ്യം ചെയ്ത് വരികയായിരുന്നു. മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്നും പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ടെന്നും പോലീസ് വ്യക്തമാക്കിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തോടെ പൂർത്തിയാകുമെന്നാണ് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസ്സങ്ങളില്ലെന്നും പോലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.