ന്യുഡൽഹി :കോൺഗ്രസിന് കനത്ത തിരിച്ചടി വരുന്നു !!ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന സ്ഥിരീകരിക്കാവുന്ന വാർത്തകളാണ് പുറത്ത് വരുന്നത് .മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏറ്റവും സുരക്ഷിതമായി പോകുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് പുറത്ത് വരുന്നത് ജോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ നിന്ന് ബയോ നീക്കിയതിന് പിന്നാലെ അദ്ദേഹം പുതിയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിന്ധ്യയുടെ ശക്തി കേന്ദ്രമായി ശിവപുരിയിലെ പോഹ്രി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ നിര്‍ണായക വെളിപ്പെടുത്തലുകളാണ് നടത്തിയത്. സിന്ധ്യ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കിയേക്കും സുരേഷ് രാത്ത്‌കേഡ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ആദ്യം താന്‍ സിന്ധ്യക്കൊപ്പം പോകുമെന്നും സുരേഷ് വ്യക്തമാക്കി. അതേസമയം സിന്ധ്യ കോണ്‍ഗ്രസിനെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിന്ധ്യ സ്വന്തം പാര്‍ട്ടി ഉണ്ടാക്കിയാല്‍ 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായി മാറും. ഏറ്റവും വലിയ പ്രശ്‌നം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് രണ്ടായി പിളരുന്നതാണ്. സിന്ധ്യ ശിവപുരി അടക്കമുള്ള മണ്ഡലങ്ങളില്‍ വന്‍ സ്വാധീനമുള്ള വലിയ ബ്രാന്‍ഡായി മാറിയ നേതാവ്. 20 സീറ്റുകള്‍ വരെ പിടിക്കാനായാല്‍ സിന്ധ്യ ബിജെപി പിന്തുണയ്ക്കുന്ന സാഹചര്യം വരെ ഉണ്ടാവും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ കമല്‍നാഥ് ഇടപെടേണ്ടി വരുമെന്നാണ് സൂചന. പക്ഷേ കമല്‍നാഥ് ഇതിന് തയ്യാറല്ല.
കോണ്‍ഗ്രസില്‍ നിന്നാല്‍ സമ്മര്‍ദ ഗ്രൂപ്പായി മാറാന്‍ സാധിക്കില്ലെന്നാണ് സിന്ധ്യയുടെ വിലയിരുത്തല്‍. പകരം പുറത്ത് പോയാല്‍ കോണ്‍ഗ്രസിന് അദ്ദേഹത്തിനൊപ്പം നില്‍ക്കേണ്ടി വരും. 20ലധികം എംഎല്‍എമാര്‍ സിന്ധ്യക്കൊപ്പം പോകാനും തയ്യാറാണ്. കമല്‍നാഥ് പാര്‍ട്ടിയില്‍ ആധിപത്യം നേടിയതോടെ ഇതില്‍ കുറവുണ്ടാവുമെന്ന് സൂചനയുണ്ട്. ഭൂരിപക്ഷം ഇപ്പോഴും ലഭിച്ചിട്ടില്ലാത്തതിനാല്‍ കമല്‍നാഥ് സിന്ധ്യക്ക് മുന്നില്‍ മയപ്പെടേണ്ടി വരും. ദിഗ്വിജയ് സിംഗ് തന്റെ കാര്യങ്ങളിലും സ്വാധീന മേഖലകളിലും ഇടപെടരുതെന്നാണ് നിര്‍ദേശം.
ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ ശക്തി കേന്ദ്രമാണ് സിന്ധ്യ. നഗരവോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരുന്നതിന് കാരണമായതും സിന്ധ്യയാണ്. ബിജെപിയുടെ സ്ഥിരം വോട്ടുബാങ്കാണ്. കമല്‍നാഥിന് നഗര വോട്ടര്‍മാരില്‍ താല്‍പര്യം ഉണ്ടാക്കാനും സാധിച്ചിട്ടില്ല. ഗുണയില്‍ സിന്ധ്യയെ തോല്‍പ്പിക്കാനുള്ള തീരുമാനം കമല്‍നാഥും കൂടി അറിഞ്ഞ് കൊണ്ടാണ് എടുത്തത്. അതേസമയം ഒളിമ്പ്യന്‍ അസ്ലം ഷേര്‍ ഖാനും സിന്ധ്യയെ പിന്തുണച്ച് രംഗത്തെത്തി. സിന്ധ്യ വിചാരിച്ചാല്‍ കോണ്‍ഗ്രസില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും വിട്ടുപോയി സ്വന്തം പാര്‍ട്ടി ഉണ്ടാക്കാമെന്നും മുന്‍ നേതാവ് കൂടിയായ ഷേര്‍ഖാന്‍ പറഞ്ഞു.
സിന്ധ്യയുടെ നീക്കം യുവവോട്ടര്‍മാരെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി മാറ്റുമെന്നാണ് ആശങ്ക. സോണിയ അദ്ദേഹവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സിന്ധ്യ പാര്‍ട്ടി വിടുന്നില്ലെന്നാണ് സൂചിപ്പിച്ചത്. യുവവോട്ടര്‍മാരെ കൈയ്യിലെടുക്കാന്‍ സിന്ധ്യ വേണമെന്ന് സോണിയ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം കമല്‍നാഥുമായി നല്ല ബന്ധത്തിലാവാന്‍ സിന്ധ്യയോട് നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ദിഗ് വിജയ് സിംഗിനെ അവഗണിക്കാനാണ് നിര്‍ദേശം. സിന്ധ്യയുടെ അടുപ്പക്കാരനായ പങ്കജ് ചതുര്‍വേദി അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും സ്ഥിരീകരിച്ചു.
കമല്‍നാഥ് സര്‍ക്കാരുമായി നേരത്തെ തന്നെ ഇടഞ്ഞതാണ് സിന്ധ്യ. ഇത് രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. ദിഗ്വിജയ് സിംഗുമായുള്ള പ്രശ്‌നങ്ങളും സിന്ധ്യയെ സുരക്ഷിത സ്ഥാനത്തേക്ക് ചാടാന്‍ പ്രേരിപ്പിക്കുകയാണ്. ശിവപുരിയിലെ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിന്ധ്യ പാര്‍ട്ടിയുണ്ടാക്കുമെന്ന സൂചനയാണ് നല്‍കുന്നത്. സോണിയാ ഗാന്ധിയെ സംബന്ധിച്ച് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. സിന്ധ്യ സംസ്ഥാനത്തെ യുവ വോട്ടര്‍മാരെ വലിയ രീതിയില്‍ സ്വാധീനിക്കുന്ന നേതാവാണ്.
കമല്‍നാഥും ദിഗ്വിജയ് സിംഗും ചേര്‍ന്ന് തനിക്ക് യാതൊരു പ്രാമുഖ്യം അനുവദിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് സിന്ധ്യ ആരോപിക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി പോയതോടെ ഇക്കാര്യങ്ങള്‍ ആരും കേള്‍ക്കാനില്ലാത്ത അവസ്ഥയാണ്. സോണിയാ ഗാന്ധി സിന്ധ്യയെ ഗൗരവത്തോടെ കണ്ടിരുന്നില്ല. എന്നാല്‍ രഹസ്യമായി സ്വന്തം പാര്‍ട്ടിക്ക് വേണ്ട എല്ലാ കാര്യങ്ങളും അണിയറയില്‍ തയ്യാറാക്കുകയാണ് സിന്ധ്യ. ഇക്കാര്യം കമല്‍നാഥോ ദിഗ്വിജയ് സിംഗോ അറിയാതിരിക്കാനും ശ്രമമുണ്ട്.