കൊച്ചി: കെ ബാബുവിന്റെ മകളുടെ പാലാരിവട്ടത്തെ ബാങ്ക് ലോക്കര്‍ തുറന്നപ്പോള്‍ 100 പവനില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ലോക്കര്‍ ഇന്ന് തുറന്നപ്പോഴും അതില്‍ 120 പവന്‍ സ്വര്‍ണുണ്ട്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ തന്റെ കുടുംബസ്വത്താണെന്ന് ഐശ്വര്യയുടെ ഭര്‍ത്താവ് പറയുകയുണ്ടായി.
കെ ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറിലും പരിശോധന നടത്തും. കെ ബാബുവിന്റെ ബന്ധുക്കളുടേയും സ്വത്ത് വിവരങ്ങളെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് വിജിലന്‍സ്. ഇതിനിടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബാബുവിന് ഉടന്‍ നോട്ടീസ് നല്‍കും.
ഐശ്വര്യയുടെ പാലാരിവട്ടത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് ലോക്കറില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 117 പവന്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബാങ്ക് ലോക്കറും പരിശോധിച്ചത്. ബാബുവിന്റെ മൂത്ത മകള്‍ ആതിരയുടെ തൊടുപുഴയിലുള്ള ഐഒബി ബാങ്ക് ബ്രാഞ്ചില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള ബാങ്ക് ലോക്കറും ഇന്നലെ പരിശോധിച്ചു.
കേസുമായി ബന്ധപ്പെട്ട് കെ ബാബുവിനെ ഇതുവരെ വിജിലന്‍സ് സംഘം വിശദമായി ചോദ്യം ചെയ്തിട്ടില്ല. രണ്ട് ദിവസത്തിനകം കെ ബാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നോട്ടീസ് അയക്കും. ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടേയും രണ്ട് മക്കളുടേയുംപേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വിജിലന്‍സ് നേരത്തെ മരവിപ്പിച്ചിരുന്നു. തമ്മനത്തെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കറും പരിശോധിക്കും.
ഇക്കഴിഞ്ഞ ശനിയാഴ്ച ബാബുവിന്റെയും രണ്ട് മക്കളുടേയും ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് 180 ഗ്രാം സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വിവിധ ഭൂമിയിടപാടുകളുടെ രേഖകളും കണ്ടെത്തിയിരുന്നു. ഇവയുടെ പരിശോധനകളും വിജിലന്‍സ് തുടരുകയാണ്.