പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാവണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു.
ഡാമുകളില്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ അധികവില കൊടുത്ത് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദാക്കിയതും വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.