
കോഴിക്കോട്: ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. നാല്‍ക്കാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും അതിന്റെ ഉടമസ്ഥരാണു തീരുമാനിക്കേണ്ടത്. പുതിയ നിയമം അനുസരിച്ചു കറവ വറ്റിയ പശുവിനെ ആരു വാങ്ങും? പ്രായോഗികത ഒന്നും പരിശോധിക്കാതെ വ്യക്തമായ അജന്‍ഡ മുന്‍നിര്‍ത്തിയുള്ള നീക്കമാണ് ആര്‍എസ്എസിന്റെതെന്നും മുരളീധരന്‍ ആരോപിച്ചു.
ഇതു മനസിലാക്കാതെ ആര്‍എസ്എസിനെ വളര്‍ത്തുന്ന പ്രസ്താവനകളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്. പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത സീതാറാം യച്ചൂരിക്കു മനസിലായെങ്കിലും പിണറായി വിജയനും പ്രകാശ് കാരാട്ടിനും ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവന ബിജെപിയിലുള്ള അദ്ദേഹത്തിന്റെ വിശ്വാസമാണു വെളിപ്പെടുത്തുന്നത്. കേരളത്തില്‍ ഇല്ലാത്ത ആര്‍എസ്എസിനെ ഉണ്ടാക്കാനാണു കോടിയേരിയുടെ ശ്രമമെന്നും മുരളീധരന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുള്ള കോടിയേരിയുടെ പരാമര്‍ശം ആര്‍എസ്എസിന്റെ കൈയ്യില്‍ ആയുധം കൊടുക്കലാണ്. ഫാസിസം ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ജനങ്ങളുടെ ശ്രദ്ധതിരിക്കുന്നതും ബിജെപിയെ ശക്തിപ്പെടുത്തുന്നതുമായ പ്രസ്താവനയാണു കോടിയേരി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.